തിരുവനന്തപുരം: കൊലവെറി പ്രസംഗത്തിലൂടെ വിവാദ നായകനായ സിപിഎം നേതാവ് എം എം മണിക്ക് സ്വീകരണമൊരുക്കാന്‍ ഉപയോഗിച്ചതും തിരുവനന്തപുരം എന്‍ജിനിയറിങ് കോളെജിലെ വിവാദ ജീപ്പ്. എസ് എഫ് ഐക്കാരുടെ സ്വത്തായി ബാച്ചുകള്‍ കൈമാറി ഉപയോഗിക്കുന്ന.രണ്ട് തുറന്ന ജീപ്പുകളൊന്ന് ഇടിച്ചാണ് കഴിഞ്ഞ ദിവസം തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്. മണി ജീപ്പില്‍ സഞ്ചരിക്കുന്ന ചിത്രം ഇന്നലെ പെട്ടെന്ന് എസ്എഫ്‌ഐയുടെ ഫെയ്‌സ് ബുക്ക് പേജില്‍ നിന്ന് മുക്കുകയും ചെയ്തു.
ഇന്നലെ പൊലീസ് പിടിച്ചെടുത്ത കെസിടി 2217 നമ്പറുള്ള തുറന്ന ജീപ്പിലാണു കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച എസ്എഫ്‌ഐ സംഘത്തിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ജനുവരിയില്‍ എം.എം. മണിയെ കയറ്റി ഘോഷയാത്രയായി കൊണ്ടുവന്നത്. കോളജിലും ഹോസ്റ്റലിലും ഈ രണ്ടു ജീപ്പുകള്‍ക്കും കര്‍ശന നിരോധനമുള്ളപ്പോഴായിരുന്നു വിവാദ പ്രസംഗനായകനായ മണിയുടെ റോഡ് ഷോ. കൊലയാളി ജീപ്പുമായി ബന്ധമില്ലെന്ന് എസ്എഫ്‌ഐ പറയുമ്പോള്‍ ഉണ്ടെന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍
കാലാകാലങ്ങളായി സിഇടിയിലെ മെന്‍സ് ഹോസ്റ്റല്‍ കയ്യടക്കിവച്ചിരിക്കുന്നത് എസ്എഫ്‌ഐ ആണ്. മുന്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ പേരില്‍ വാങ്ങിയ ജീപ്പ് ഇടിച്ചായിരുന്നു (നമ്പര്‍ കെബിഎഫ് 7268) തസ്‌നിയുടെ മരണം. ഈ ജീപ്പ് വ്യാഴാഴ്ച പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനൊപ്പം ഹോസ്റ്റല്‍ സംഘം നൃത്തംചെയ്തു യാത്ര ചെയ്ത ജീപ്പാണു മുന്‍പു മണിയുടെ റോഡ് ഷോയ്ക്കായി ഉപയോഗിച്ചത്. ഈ ജീപ്പ് ഇന്നലെ തൃപ്പാദപുരത്തിനു സമീപമുള്ള ഫ്‌ലാറ്റിനു പിറകിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു.
എസ്എഫ്‌ഐ ഭരണസമിതി മാറുമ്പോള്‍ പുതിയ ഭാരവാഹിയുടെ പേരിലേക്കു ജീപ്പുകള്‍ മാറ്റുകയാണു പതിവ്. രണ്ടു ജീപ്പുകളും ഹോസ്റ്റലിനു സമീപത്തെ കുറ്റിക്കാട്ടിലാണു സ്ഥിരമായി ഒളിപ്പിക്കുന്നത്. എല്ലാ ഓണത്തിനും സിഇടി ഹോസ്റ്റലിലെ ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥിസംഘം പുറത്തു നിന്ന് ആന മുതല്‍ ജെസിബി വരെ എത്തിക്കാറുണ്ട്. ഇത്തവണ ലോറിയാണു വാടകയ്‌ക്കെടുത്തത്. ഹോസ്റ്റലിലെ ഓണാഘോഷം കോളജിനുള്ളിലേക്കു വ്യാപിപ്പിക്കരുതെന്നു നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു ലംഘിച്ചായിരുന്നു ജീപ്പുകളിലും ലോറിയിലും നൂറോളം ബൈക്കുകളിലുമായി വിദ്യാര്‍ഥികളുടെ പ്രവേശനം.
കോളജ് ഹോസ്റ്റലില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ജീപ്പിനെക്കുറിച്ച് ഒട്ടേറെ പരാതികള്‍ വിദ്യാര്‍ഥികളും വിവിധ വിദ്യാര്‍ഥി സംഘടനകളും ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. രേഖകളില്ലാതെ ഹോസ്റ്റലില്‍ കിടന്നിരുന്ന ജീപ്പ് ശ്രീരാജ് മുന്‍കയ്യെടുത്തു സ്വന്തം പേരിലാക്കിയതാണ് എന്നാണു രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയ വിവരം. രണ്ടു വര്‍ഷം മുന്‍പു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളജ് വിട്ടപ്പോള്‍ ഇതു മറ്റൊരു വിദ്യാര്‍ഥിക്കു കൈമാറി.