അന്തല്യ: ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ലോകരാജ്യങ്ങളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ നടന്ന പൈശാചികമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ആഗോളസഖ്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിയ്ക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. തുര്‍ക്കിയിലെ അന്തല്യയില്‍ ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ പ്രസംഗിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.
2016 ഫെബ്രുവരി ഒന്നിന് ബ്രിക്സ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് മുന്‍തൂക്കം നല്‍കും. എല്ലാ ബ്രിക്സ് രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഭീകരതാവിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ഈജിപ്റ്റിലുണ്ടായ റഷ്യന്‍ വിമാന ദുരന്തത്തില്‍ മോദി അനുശോചനം രേഖപ്പെടുത്തി. ബ്രിക്സ് അംഗരാജ്യങ്ങളിലെ ഭരണനേതാക്കളായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സൂമ, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചകോടി തുടങ്ങുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് തുര്‍ക്കിയില്‍ ഐസിസ് രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയത്
പാരീസ് ഭീകരാക്രമണം ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക അജണ്ടയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. പാരീസ് ഭീകരാക്രമണം കൂടാതെ സിറിയന്‍ ആഭ്യന്തരയുദ്ധം, യൂറോപ്പില്‍ അഭയാര്‍ത്ഥി പ്രവാഹം സൃഷ്ടിയ്ക്കുന്ന പ്രതിസന്ധി, ഐസിസ് സൃഷ്ടിയ്ക്കുന്ന ഭീഷണി തുടങ്ങിയ പ്രശ്നങ്ങളായിരിയ്ക്കും ഉച്ചകോടിയിലെ പ്റധാന വിഷങ്ങള്‍.
മൂന്നു ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി തുര്‍ക്കിയിലെത്തിയത്. ജി 20 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. പാരിസിലെ ഭീകരാക്രമണം സൃഷ്ടിച്ച ആഘാതവും ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യവും ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും. ഭീകരര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഉച്ചകോടിയില്‍ ഇന്ത്യ ഉന്നയിക്കുമെന്നാണ് സൂചന.
അതേസമയം, ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ അന്ത്യാലയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്‍ എന്നു സംശയിക്കുന്ന ചാവേര്‍ പൊട്ടിത്തെറിച്ചു. നാലു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചകോടി നടക്കുന്ന സ്ഥലത്തിനു സമീപത്തുനിന്നും ഐഎസ് ഭീകരര്‍ എന്നു സംശയിക്കുന്ന നാലുപേരെ ടര്‍ക്കിഷ് സൈനികര്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജി 20 നടക്കുന്ന പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി.