മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ.വിജിലന്‍സിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി

കണ്ണൂർ: തനിക്കെതിരായ ബന്ധു നിയമനക്കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തലിനെ സ്വാഗതം ചെയ്ത് മുൻമന്ത്രി ഇ.പി.ജയരാജൻ. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബന്ധുനിയമന കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ധാർമികമായി പറഞ്ഞാൽ നിയമനം ഒഴിവാക്കേണ്ടതായിരുന്നു. നിയമന ഉത്തരവ് പുറത്തിറങ്ങി രണ്ടു ദിവസത്തിനകം തന്നെ മരവിപ്പിക്കുകയും ചെയ്തു. ധാർമിക മുൻ നിർത്തിയാണ് തെറ്റ് തിരുത്തിയതെന്നും തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവ് റദ്ദാക്കിയ ശേഷമാണ് മാധ്യമങ്ങൾ തനിക്കെതിരേ വാർത്തകൾ വ്യാപകമായി നൽകിയത്. രണ്ടാഴ്ചക്കാലം മറ്റൊരു വിഷയവും മാധ്യമങ്ങൾ പരിഗണിച്ചില്ല. നിയമനവുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചാൽ താൻ തെറ്റുകാരനല്ല. വിവാദമുണ്ടായ പശ്ചാത്തലത്തിൽ പാർട്ടിയുടെയും സർക്കാരിന്‍റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും തന്നെ ബോധപൂർവം ആക്രമിക്കാൻ ഉദ്ദേശിച്ചാണ് ആരോപണങ്ങൾ എല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണം ഉയർന്ന് പരാതി വന്നപ്പോൾ ത്വരിത പരിശോധന പോലും പൂർത്തിയാക്കാതെയാണ് വിജിലൻസ് തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ജേക്കബ് തോമസ് ഇടപെട്ടാണോ കേസെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹവുമായി ഫോണിൽ പോലും സംസാരിച്ചുള്ള പരിചയമില്ലെന്നും അദ്ദേഹത്തിന് തന്നോട് വൈരാഗ്യം തോന്നേണ്ട സാഹചര്യമില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ബന്ധുനിയമനക്കേസില്‍ വിജിലന്‍സിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.അഴിമതി നിരോധന നിയമപ്രകാരം ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസറുടെ നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് പറയുന്ന കാരണങ്ങള്‍.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം സർക്കാർ റദ്ദാക്കിയെങ്കിലും ജയരാജനും സുധീർ നമ്പ്യാർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കേസ് നിലനിൽക്കില്ലെന്ന് വിജിലന്‍സ് വിശദീകരണവും നല്‍കിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തിരുന്നു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിൽ എഫ്.ഐ.ആർ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വ്യവസായ പുനഃസംഘടനാ ബോർഡ് (റിയാബ്) അഭിമുഖം നടത്തി തയ്യാറാക്കിയ 42 പേരുടെ പാനൽ വകവയ്ക്കാതെ അയോഗ്യരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തല്‍. വ്യവസായവകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡാണ് 42 പേരുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ഓരോരുത്തരുടെയും പ്രവർത്തനപരിചയം കണക്കിലെടുത്ത് 17 സ്ഥാപനങ്ങളിലേക്ക് രണ്ടു മുതൽ അഞ്ചുവരെയാളുകളുടെ പാനൽ നൽകി. ഈ പാനൽ മറികടന്ന് പത്തിടത്ത് മുൻ വ്യവസായ മന്ത്രി സ്വന്തം നിലയിൽ നിയമനങ്ങൾ നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ. ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ നിയമിച്ച കെ.എസ്.ഐ.ഇയിൽ ട്രാവൻകൂർ ടൈറ്റാനിയം എം.ഡിയായിരുന്ന ബി. ജ്യോതികുമാർ, മനേഷ് പ്രതാപ്‌ സിംഗ് എന്നിവരിലൊരാളെ എം.ഡിയാക്കാനാണ് റിയാബ് ശുപാർശ ചെയ്തത്. എന്നാൽ ജയരാജന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നിയമനത്തിന് അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയാക്കി അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിറക്കുകയായിരുന്നു. വിവാദമായപ്പോൾ നിയമനം റദ്ദാക്കുകയായിരുന്നു.

Top