തിരുവനന്തപുരം: സിപിഎമ്മിൽ അതൃപ്തിയോടെ നിൽക്കുന്ന ഇപി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ഇ പി ജയരാജനോട് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി വിവരം. ശനിയാഴ്ച വൈകിട്ട് ഇ പി ജയരാജൻ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് നിർദ്ദേശം നൽകിയത്. സിപിഐഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാർ ബഹിഷ്കരണ വിവാദങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച .അടുത്ത എൽഡിഎഫ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുമെന്നാണ് വിവരം. ഈ മാസം 22 ന് ആണ് അടുത്ത എൽഡിഎഫ് യോഗം.
ശനിയാഴ്ച കോഴിക്കോട് നടന്ന സിപിഐഎം ഏക സിവിൽ കോഡ് സെമിനാറിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണെന്നതാണ്, സെമിനാറിൽ പങ്കെടുക്കാത്തതിന് ജയരാജൻ നൽകിയ വിശദീകരണമെന്നാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ച വിവരം. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇടത് മുന്നണിക്ക് പുറത്തുള്ളവരും മത സാമുദായിക സംഘടനകളുമടക്കം സെമിനാറിന് പങ്കെടുത്തപ്പോഴാണ് എൽഡിഎഫ് കൺവീനർ തന്നെ മാറി നിന്ന് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയത്.
എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാർട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് ഇപി വിട്ടുനിന്നത് ചർച്ചയായിരുന്നു. കഴിഞ്ഞ ജൂൺ 30 ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലും ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയുടെ പേരുപറഞ്ഞാണ് അദ്ദേഹം മാറി നിന്നത്. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേന്ന് അദ്ദേഹം തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഗവർണർക്കെതിരെ നടന്ന രാജ്ഭവൻ ഉപരോധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നതും വലിയ വിവാദമായിരുന്നു.