കൊച്ചി: സിപിഎമ്മിൽ പരസ്യമായ ജയരാജന്മാരുടെ പോര് തുടരുകയാണ് . വൈദേകം റിസോര്‍ട്ട് വിവാദം പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഒരു സ്വകാര്യ കമ്പനിയെ സഹായിച്ചത് ശരിയാണോയെന്ന സംശയമാണ് പി ജയരാജന്‍ ഉന്നയിച്ചത്, മറിച്ച് അഴിമതി നടന്നെന്ന് ഉന്നയിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
വൈദേകത്തില്‍ അഴിമതി നടന്നു എന്നൊന്നും പി ജയരാജന്‍ ഉന്നയിച്ചിട്ടില്ല. ജയരാജന്‍ ഉന്നയിച്ച സംശയം, ഒരു സ്വകാര്യകമ്പനിയെ ഒരു സഹകരണ സ്ഥാപനത്തെപ്പോലെ സഹായിക്കാന്‍ പാടുണ്ടോയെന്നാണ്. അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത് ശരിയാണോയെന്നാണ്. അതാണ് മാതൃഭൂമി പത്രം ട്വിസ്റ്റ് ചെയ്തത്. അഴിമതി ആരോപണം ഉന്നയിച്ചു എന്നൊക്കെ.’ ഇ പി ജയരാജന്‍ പറഞ്ഞു.
വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം കഴിഞ്ഞ ഡിസംബറിലാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ റിസോര്‍ട്ട് സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നില്ലെന്നായിരുന്നു അന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതിരോധം. ഈ അവകാശ വാദം തെറ്റെന്നാണ് ആരോപണ വിധേയനായ ഇപി തന്നെ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വിഷയം ഉന്നയിച്ചതിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന ചോദ്യത്തിന് എം ഡി കെപി രമേശന് എങ്ങനെയെങ്കിലും സ്ഥാപനം ലഭിക്കാനുള്ള ‘അത്യാഗ്രഹം’ ഉണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഈ രമേശന്‍ പോയി പി ജയരാജനോട് സംസാരിച്ചിട്ടുണ്ട്. അതായത് നിയമപരമായി ഒരു പിടുത്തവും കിട്ടുന്നില്ലായെന്ന് വന്നപ്പോഴാണ് എന്റെ പേര് വലിച്ചിഴച്ചത്. അങ്ങനെ ചെയ്താല്‍ പുള്ളിക്ക് വീണ്ടും ആധിപത്യം തിരിച്ചുപിടിക്കാം എന്നു കരുതിയിട്ടുണ്ടാവും. എങ്ങനെയെങ്കിലും ഇത് തിരിച്ചുകിട്ടണം എന്നേയുള്ളൂ. രമേശന് എങ്ങനെയെങ്കിലും സ്ഥാപനം ലഭിക്കണം എന്ന അത്യാഗ്രഹം ഉണ്ട്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് അതാണ്. അങ്ങനെയാണ് രണ്ട് കൂട്ടരേയും വിളിച്ചു സംസാരിച്ചത്. പക്ഷെ ഒന്നും കൊടുക്കാതെ തട്ടിയെടുക്കാനാണ് രമേശന്‍ ശ്രമിച്ചത്. അതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.’ ഇ പി പറഞ്ഞു.
2021 ഡിസംബറിലാണ് തന്റെ ഭാര്യ അതില്‍ ഷെയര്‍ എടുക്കുന്നത്. റിസോര്‍ട്ടിന്റെ കൈയ്യില്‍ പൈസയില്ല, അവരുടെ പ്രവര്‍ത്തി നിന്ന് പോകും എന്ന് വന്നപ്പോള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടിയ പൈസ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്നു. അവര്‍ വന്ന് ചോദിച്ചപ്പോള്‍ വായ്പയായി തരാം എന്ന് പറഞ്ഞ് കൊടുത്തതാണ്. പിന്നെ അത് കമ്പനിയില്‍ നില്‍ക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ വിശദീകരിച്ചു.