![](https://dailyindianherald.com/wp-content/uploads/2021/06/Holland-vs-Ukraine-match.jpg.image_.845.440.jpg)
ലണ്ടൻ : 5 ഗോളുകൾ പിറന്ന യൂറോ കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ഹോളണ്ട് 3–2ന് യുക്രെയ്നെ തോൽപിച്ചു. യുക്രൈൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് ഓറഞ്ച് പട ആദ്യ മത്സരത്തിൽ ജയം കുറിച്ചത്. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളാണ് നെതർലൻഡിൻ്റെ വിജയം. നെതർലൻഡിനായി വൈനാൾഡം, വെഗോർസ്റ്റ്, ഡംഫ്രൈസ് എന്നിവരാണ് നെതർലൻഡിനായി സ്കോർഷീറ്റിൽ ഇടം നേടിയത്. യാർമലെങ്കോ, യെറംചുക് എന്നിവർ യുക്രൈനായി സ്കോർ ചെയ്തു. നെതർലൻഡീൻ്റെ വിജയ ഗോൾ നേടുകയും മറ്റ് രണ്ട് ഗോളുകളിൽ പങ്കാവുകയും ചെയ്ത ഡംഫ്രൈസ് ആണ് കളിയിലെ താരം.
കളിയിലുടനീളം നെതർലൻഡാണ് മികച്ചുനിന്നതെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ യുക്രൈനും തിരിച്ചടിച്ചതോടെയാണ് മത്സരം ആവേശകരമായത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത് 38ആം മിനിട്ടിൽ വൈനാൽഡത്തിൻ്റെ ഗോളെന്നുറപ്പിച്ച ഒരു വോളി യുക്രൈൻ ഗോളി അവിശ്വസനീയമായി തട്ടിയകറ്റിയതാണ് ആദ്യ പകുതിയിലെ ഏറ്റവും നിർണായകമായ ഫ്രെയിം. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 52ആം മിനിട്ടിൽ ഹോളണ്ട് ഗോൾ വരൾച്ചക്ക് വിരാമമിട്ടു. ഡംഫ്രൈസിൻ്റെ നിലം പറ്റെയുള്ള ക്രോസ് യുക്രൈൻ ഗോളി തട്ടിയകറ്റിയെങ്കിലും വൈനാൽഡത്തിൻ്റെ കാൽക്കലാണ് പന്ത് എത്തിയത്. സ്കോർ 1-0. 6 മിനിട്ടിനുള്ളിൽ, 58ആം മിനിട്ടിൽ ഹോളണ്ട് വീണ്ടും സ്കോർ ചെയ്തു. വലതു വിങിൽ നിന്ന് പന്തുമായി കുതിച്ച ഡംഫ്രൈസിനെ ബോക്സിനുള്ളിൽ വച്ച് യുക്രൈൻ തടഞ്ഞെങ്കിലും പന്ത് വെഗോർസ്റ്റിൻ്റെ കാൽക്കലേക്ക് വീണു. സ്കോർ 2-0.
ഹോളണ്ട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നിട്ടും കളി ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചടിക്കാനുള്ള യുക്രൈൻ്റെ ശ്രമങ്ങൾക്ക് 75ആം മിനിട്ടിൽ ഫലം കണ്ടു. ബോക്സിനു പുറത്തുനിന്ന് ക്യാപ്റ്റൻ യാർമലെങ്കോ ഉതിർത്ത ഒരു ഗംഭീര ഷോട്ട് നെതർലൻഡ് ഗോൾ വലയുടെ ടോപ്പ് റൈറ്റ് കോർണറിൽ പതിച്ചു. സ്കോർ 2-1. നാല് മിനിട്ടുകൾക്ക് ശേഷം യുക്രൈൻ സമനില പിടിച്ചു. ഫ്രീകിക്കിൽ നിന്ന് ഒരു ക്ലിനിക്കൽ ഹെഡറിലൂടെ യെറംചുക് നേടിയ ഗോൾ ഡച്ച് പടയെ ഞെട്ടിച്ചു. സ്കോർ 2-2. കളി സമനില ആയതോടെ കൂടുതൽ ആവേശകരമായി. വിജയഗോളിനായി ഇരു ടീമുകളും ആക്രമണം കനപ്പിച്ചതോടെ കളിക്ക് ചൂടുപിടിച്ചു. ഒടുവിൽ, 86ആം മിനിട്ടിൽ ഹോളണ്ട് വീണ്ടും മുന്നിലെത്തി. നതാൻ അകെയുടെ ക്രോസിനു തലവച്ച് ഡംഫ്രൈസ് ആണ് വിജയഗോൾ നേടിയത്. സ്കോർ 3-2