യുക്രെയ്നെ നാല് ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലണ്ട് സെമിയിൽ;ചെക്കിനെ കീഴടക്കി ഡാനിഷ് പടയും സെമിയിലെത്തി

റോം :യുക്രെയ്നെ നാല് ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലണ്ട് സെമിയിൽ എത്തി. ലോകമെമ്പാടുമുള്ള ഇംഗ്ലണ്ടിന്റെ ആരാധകർക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാനൊരു വിജയം. 4 ഗോളുകൾ. അതിൽ മൂന്നും ഹെഡറുകൾ. ഇംഗ്ലിഷ് താരങ്ങളുടെ ഹെഡിങ് വൈഭവത്തിൽ മുൻ സൂപ്പർ താരം ആന്ദ്രേ ഷെവ്ചെങ്കോവിന്റെ പരിശീലകച്ചിറകിൽ വൻവിജയങ്ങൾ മാത്രം ശീലിച്ചെത്തിയ യുക്രെയ്ൻ മറുപടിയില്ലാതെ കീഴടങ്ങി. ഇംഗ്ലണ്ട് –4, യുക്രെയ്ൻ –0. ഒളിംപിക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലൂടെ ഇംഗ്ലണ്ട് ഇതാ യൂറോ കപ്പ് ഫുട്ബോൾ സെമിയിലേക്ക്. ഇംഗ്ലിഷുകാരുടെ സ്വന്തം ലണ്ടൻ ന്യൂവെംബ്ലി സ്റ്റേഡിയത്തിൽ, ഡെൻമാർക്കിനെതിരെ ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ടിന്റെ സെമിപോരാട്ടം.

ഇംഗ്ലണ്ട് യൂറോപ്യൻ ചാംപ്യൻഷിപ്പിന്റെ സെമിയിൽ എത്തുന്നത് 25 വർഷത്തിനിടെ ആദ്യമാണ്. 4–ാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോൾവർഷം തുടങ്ങി. റഹിം സ്റ്റെർലിങ് യുക്രെയ്ൻ ഡിഫൻഡർമാർക്കിടയിലൂടെ നൽകിയ പാസ് ബോക്സിനുള്ളിൽ സ്വീകരിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നൽ ഷോട്ട്. യുക്രെയ്ൻ ഗോളി ഹിയറി ബുഷാനു പൊസിഷനിലാകാൻ പോലും സമയം കിട്ടും മുൻപേ പന്ത് വലയിൽ (1–0). ആദ്യപകുതിയിൽ പിന്നീട് പ്രതിരോധിച്ചു കളിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ശൈലി മാറ്റി ആക്രമണം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽത്തന്നെ ഹാരി കെയ്നെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക്. ലൂക്കാ ഷാ ഉയർത്തിവിട്ട പന്തിൽ ബോക്സിനുള്ളിൽ യുക്രെയ്ൻ പ്രതിരോധക്കാരെ കബളിപ്പിച്ച് ഉയർന്നുചാടിയ ഹാരി മഗ്വയറിന്റെ ഹെഡർ (2–0). 4 മിനിറ്റിനകം കെയ്ൻ ഡബിൾ തികച്ചു. ഇത്തവണ, സ്റ്റെർലിങ് ലൂക്ക് ഷായുടെ നേർക്കു നൽകിയ ബാക്ക് ഹീൽ പാസായിരുന്നു ഗോളിലേക്കുള്ള വഴി. ബോക്സിലേക്ക് ഓടിക്കയറിയ ഹാരി കെയ്നിനെ ലക്ഷ്യമാക്കി ഷായുടെ ക്രോസ്. യുക്രെയ്ൻ ഗോളി ബുഷാനെ നിഷ്പ്രഭനാക്കിയ ക്രോസ് റേഞ്ച് ഹെഡറിൽ കെയ്ൻ ലക്ഷ്യം കണ്ടു(3–0). 63–ാം മിനിറ്റിൽ അടുത്തത്. മേസൺ മൗണ്ടിന്റെ ബോക്സിലേക്കു വളഞ്ഞുവന്ന കോർണർ കിക്കിന് ജോർദാൻ ഹെൻഡേഴ്സൻ പാകത്തിനു തലവച്ചു (4–0). ഡെക്ലാൻ റൈസിനു പകരമിറങ്ങിയ ലിവർപൂൾ താരത്തിന്റെ ഇംഗ്ലണ്ട് ദേശീയ ജഴ്സിയിലെ ആദ്യഗോളുമായി ഇത്. ഇംഗ്ലണ്ട് നിരയിൽ യുവതാരം ജയ്ഡൻ സാഞ്ചോ ഈ യൂറോയിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇടം നേടി. കഴിഞ്ഞ ദിവസം പ്രിമിയർ ലീഗ് ക്ലബ് മാ‍ഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ട സാഞ്ചോയെ പരുക്കേറ്റ ബുകായോ സാകയ്ക്കു പകരമാണു കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ആദ്യ ഇലവനിൽ ഇറക്കിയത്.

അതേസമയം യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടത്തിൽ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെന്മാർക്കും സെമി ഫൈനലിലെത്തി . ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് വിജയം. തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. മുന്നേറ്റനിര താരം പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഡെന്മാർക്ക് ലീഡെടുത്തു. സ്‌ട്രൈജർ ലാർസൻ തൊടുത്ത മത്സരത്തിലെ ആദ്യ കോർണർ കിക്ക് ഡെന്മാർക്കിന്റെ മധ്യനിര താരം തോമസ് ഡെലാനി ഹെഡറിലൂടെ ഗോളാക്കി. തുടർന്ന് ചെക്ക് റിപബ്ലിക്ക് ഗോളിനായി നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇടയ്ക്ക് ചെക്കിന്റെ ഗോളടിയന്ത്രം പാട്രിക് ഷിക്ക് മികച്ചൊരു അവസരം പാഴാക്കുകയും ചെയ്തു.

ആദ്യ പകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ടാം ഗോളും നേടി ഡെന്മാർക്ക് മത്സരത്തിൽ ആധിപത്യമുറപ്പിച്ചു. 42-ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ജോക്കിം മെയ്ൽ നൽകിയ അളന്നുമുറിച്ച ക്രോസ് മുന്നേറ്റനിര താരം കാസ്പർ ഗോൽബർഗ് കൃത്യമായി വലയിലാക്കുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മികച്ച നീക്കത്തിലൂടെ ചെക്ക് താരങ്ങൾ ഡാനിഷ് ഗോൾമുഖത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അധികം വൈകാതെ തന്നെ മറുപടി ഗോളും നേടി. 49-ാം മിനിറ്റിൽ പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിനു വേണ്ടി തിരിച്ചടിച്ചത്. വ്‌ളാഡ്മിർ കോഫലിന്റെ ക്രോസ് ഷിക്ക് മനോഹരമായ വോളിയിലൂടെ വലയിൽ നിറയ്ക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മിഷേൽ ക്രമെൻസിക്ക് ഡെന്മാർക്ക് പ്രതിരോധനിരയിൽ തുടർച്ചയായി വിള്ളലുണ്ടാക്കി.

Top