17മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

girl

ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ പത്ത് വയസുകാരിയാണ് 17മണിക്കൂര്‍ കുടുങ്ങിക്കിടന്നത്.

അപ്രതീക്ഷിതമായുണ്ടായ ഈ ഭൂകമ്പത്തെ തുടര്‍ന്ന് ഉടുതുണി പോലും ഇല്ലാതായവരുടെ വേദനയില്‍ തകര്‍ന്ന് കിടക്കുകയാണ് യൂറോപ്പിപ്പോള്‍.സെന്‍ട്രല്‍ ഇറ്റാലിയന്‍ പട്ടണമായ പെസ്‌കാറ ഡെല്‍ ട്രൊന്റോവില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു ഈ പെണ്‍കുട്ടി കിടന്നിരുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ കാല്‍ മാത്രം പുറത്ത് കാണാം. ഇതിനിടെ അവള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ ഉരുവിട്ട് കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ത്വരിത ഗതിയില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഇന്നലെയുണ്ടായ ഭൂകമ്പത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിട്ടാണീ പെണ്‍കുട്ടിയുടെ രക്ഷപ്പെടുത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

52595_1472098933

ഇത്രയും നേരം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിട്ടും പെണ്‍കുട്ടിക്ക് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയെ രക്ഷിച്ച പാടെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭൂകമ്പത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നാല് പട്ടണങ്ങളാണ് ഏറെക്കൂറെ പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടിരിക്കുന്നത്.

ഇന്നലെ രാത്രി അമട്രൈസിലെ ഒരു ഹോട്ടലില്‍ നിന്നും അഞ്ച് മൃതദേഹങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്. ഇവിടെ 70ഓളം പേര്‍ താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കനത്ത ഇരുട്ടും അപകടാവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവൃത്തി തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇവിടെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ 11 വയസുകാരനും ഉള്‍പ്പെടുന്നു. തുടക്കത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അധികം വൈകാതെ കുട്ടി മരിക്കുകയായിരുന്നു.

തകര്‍ന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇപ്പോഴും കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കാമെന്ന വ്യാമോഹത്തോടെ ഇവിടുത്തെ പ്രദേശവാസികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിഭ്രമത്തോടെ തിരയുന്നതും ചികയുന്നതും കാണാം. 69കാരനായ ഗൈഡോ ബോര്‍ഡോയ്ക്ക് തന്റെ സഹോദരിയെയും അവരുടെ ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് അവര്‍ അമാട്രൈസിന് വടക്കുള്ള ഹാംലെറ്റ് ഓഫ് ഇല്ലികയിലെ ഹോളിഡേ ഹൗസില്‍ അകപ്പെട്ട് പോവുകയായിരുന്നു.

ഭൂകമ്പത്തില്‍ അകപ്പെട്ട ആദ്യ ഇര 18 മാസം പ്രായമുള്ള കുഞ്ഞായ മരിസോള്‍ പിയമാറിനിയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ക്വാട്ട ഡെല്‍ ട്രോന്റോയിലെ വീട് ഭൂകമ്പത്തില്‍ തകര്‍ന്ന് വീഴുമ്പോള്‍ ഈ കുട്ടി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയുടെ അമ്മയായ മാര്‍ട്ടിന, അച്ഛനായ മസിമിലിയാനോ എന്നിവരെ നിരവധി മുറിവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇവരെ വലിച്ചെടുക്കുയായിരുന്നു. ലാഅക്യൂലയില്‍ നിന്നും 2009ല്‍ അവരുടെ വീട് മറ്റൊരു ഭൂകമ്പത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ കുടുംബം ഇവിടേക്കെത്തിയതെന്നത് ക്രൂരഫലിതമാകുന്നു.

അമാര്‍ട്രൈസ്, അകുമോളി, അര്‍ക്വാറ്റ ഡെല്‍ ട്രോന്റോ, പെസ്‌കാറ ഡെല്‍ ട്രോന്റോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഈ ഭൂകമ്പം തൂത്തെറിയുകയായിരുന്നു. ഉംബ്രിയ, ലാസിയോ, മാര്‍ച്ചെ എന്നീ മൂന്ന് പ്രദേശങ്ങളില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കാഴ്ചകള്‍ അതി ദയനീയവും സംഭമജനകവുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്. ഇവിടങ്ങള്‍ ബ്രിട്ടീഷ് ഹോളിഡേ മെയ്ക്കര്‍മാര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളുമാണ്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഇടങ്ങളിലൊന്ന് പെസ്‌കാറ ഡെല്‍ ട്രൊന്റോയാണ്. മാര്‍ച്ചെ റീജിയണിലെ അര്‍ക്വാറ്റയ്ക്കടുത്തുള്ള ഒരു ഹാംലെറ്റാണിത്.

ഇവിടെ ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കുട്ടികളുടെ ഒരു പാര്‍ക്കില്‍ കിടത്തിയിട്ടിരിക്കുന്നത് കാണാമായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് കൊടും തണുപ്പിനെ സഹിച്ച് കൊണ്ട് ടെന്റുകളില്‍ കഴിഞ്ഞ് കൂടുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ അതിന് ശേഷം മാത്രമേ ഭൂകമ്പം ഇവിടെ വിതച്ച യഥാര്‍ത്ഥ നാശനഷ്ടം അളന്നെടുക്കാന്‍ സാധിക്കുകയുള്ളൂ.

Top