തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി.ശ്രീനിജന്‍ ചാലക്കുടി പുഴ കൈയേറിയതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. റവന്യൂ, ജലവിഭവ വകുപ്പുകളാണ് കൈയ്യേറ്റം സ്ഥിരീകരിച്ചത്. ചാലക്കുടിപ്പുഴയോരത്തെ പുറമ്പോക്ക് ഭൂമി കൈയേറി കരിങ്കല്‍ഭിത്തി, പുല്‍ത്തകിടി, പടവുകള്‍ എന്നിവ പണിതതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരേക്കറോളം സ്ഥലം കൈയ്യേറിയെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രദേശത്ത് കരിങ്കല്‍ ഭിത്തിയും നിര്‍മാണങ്ങളും നടന്നിട്ടുണ്ടെന്നും ഇതിന് അനുമതിയില്ലെന്നും ജലവിഭവ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഇതു സ്ഥിരീകരിച്ച റവന്യു വകുപ്പ് പുഴയില്‍ 20 മീറ്ററോളം കയ്യേറി നിര്‍മാണം നടന്നെന്നും ഇതിനു പഞ്ചായത്ത് അനുമതിയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. പുഴയുടെ അതിര്‍ത്തി എത്രയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ എത്ര മീറ്റര്‍ കയ്യേറിയെന്നതു വ്യക്തമായിട്ടില്ലെന്നുമാണ് റവന്യു അധികൃതരുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ആറിന് റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.
മുകുന്ദപുരം സര്‍വെയര്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ വടക്കും മുറി വില്ലേജില്‍ കല്ലൂര്‍ ഭാഗത്ത് പുഴയോട് ചേര്‍ന്നുള്ള സ്ഥലം കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയത്.