ന്യൂഡൽഹി:ചെങ്കൊടി ത്രിപുരയിലും തകരുന്നു .ത്രിപുര ,നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ദേശീയമാധ്യമങ്ങളുടേയും ഏജന്‍സികളുടേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. ലഭ്യമായ ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി അധികാരത്തിലെത്തും എന്നാണ് പറയുന്നത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്കു മുൻതൂക്കം പ്രവചിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ത്രിപുരയിൽ കഴിഞ്ഞ 25 വർഷമായി ഭരണത്തിൽ തുടരുന്ന സിപിഎമ്മിന് ഇത്തവണ കാലിടറുമെന്നാണ് പുറത്തുവന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ഇവിടെ ഐപിഎഫ്ടിയുമൊത്ത് ബിജെപി സർക്കാരിനു രൂപം നൽകുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം. വോട്ടെടുപ്പു നടന്ന 59 സീറ്റുകളിൽ 35–45 സീറ്റുകൾ ബിജെപി സഖ്യം നേടും. സിപിഎം 14–23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകും. കഴിഞ്ഞ തവണ 50 സീറ്റുകളാണ് സിപിഎം നേടിയിരുന്നത്. അതേസമയം, ആക്സിസ് മൈഇന്ത്യയുടെ പ്രവചനമനുസരിച്ച് 45–50 സീറ്റുകൾ ബിജെപിക്കു ലഭിക്കും. സിപിഎമ്മിന് 9–10 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവർ പറയുന്നു.
നാഗാലാൻഡിലും ബിജെപിക്കു മുൻതൂക്കമുണ്ടെന്നാണ് ന്യൂസ് എക്സിന്റെ കണ്ടെത്തൽ. 27–32 സീറ്റുകൾ നേടി ബിജെപി – നെയ്ഫു റിയോ സഖ്യം അധികാരത്തിൽ എത്തുമെന്ന് അവർ പ്രവചിക്കുന്നു. മുഖ്യമന്ത്രി സെയ്‌ലിയാങ്ങിന്റെ എൻപിഎഫിന് 20–25 സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 0–2 വരെ സീറ്റുകൾ മാത്രമാണ് ന്യൂസ് എക്സിന്റെ പ്രവചനം.മേഘാലയയിലും ബിജെപി നേട്ടം കൊയ്യുമെന്നാണ് ആക്സിസ് മൈഇന്ത്യയുടെ പ്രവചനം. 60 അംഗ നിയമസഭയിൽ പകുതിയോളം സീറ്റുകൾ ബിജെപി നേടുമെന്ന് അവർ പറയുന്നു. കോൺഗ്രസ് 20 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകും. എന്നാൽ ന്യൂസ് എക്സിന്റെ സർവേ അനുസരിച്ച് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി 23–27 സീറ്റുകൾ നേടും.ത്രിപുരയിൽ 89.8 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013ൽ 91.82 ശതമാനമായിരുന്നു ഇത്. എന്നാൽ മേഘായയിൽ നാലുമണി വരെ 68 ശതമാനവും നാഗാലാൻഡിൽ അഞ്ചുമണിവരെ 75 ശതമാനവും വോട്ട് രേഖപ്പെടുത്തി.