മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച മലയാളി ജീവനക്കാരനെ യുഎഇ കമ്പനി പിരിച്ചു വിട്ടു; ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തും

ദുബായ്: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ സന്ദേശം അയച്ച മലയാളി യുവാവിനെ യുഎഇ കമ്പനി ജോലിയില്‍നിന്നു പുറത്താക്കി. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഫെയ്‌സ്ബുക്കില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു ഇയാള്‍. ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്‍സിലാല്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടതായി യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിനെതിരായും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന റാണാ അയൂബ് എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഇയാള്‍ അയച്ച മോശം സന്ദേശങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തുവന്നത്. റാണാ അയൂബിന്റെ സുഹൃത്തുക്കള്‍ വിവരം യുഎഇ കമ്പനിയെ അറിയിച്ചതോടെയാണ് ബിന്‍സി ബാലചന്ദ്രന്റെ ജോലി നഷ്ടപ്പെട്ടത്. ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചു. കേരളത്തില്‍ പല പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ ആറിനാണ് ബിന്‍സിയുടെ അശ്ലീല സന്ദേശങ്ങള്‍ റാണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരുള്‍പ്പെടെയായിരുന്നു പോസ്റ്റ്. തുടര്‍ച്ച് റാണയുടെ സുഹൃത്തുക്കള്‍ ഇയാളുടെ കമ്പനിയില്‍ വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ ജീവനക്കാരന്‍ ഒരു സ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുന്നതായി ഇമെയിലില്‍ പരാതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. പരാതി ശരിയാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ ഏപ്രില്‍ എട്ടിന് ബിന്‍സിയെ പിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി. ഇസ്ലാമിനെതിരായും ഇയാള്‍ പോസ്റ്റുകള്‍ ചെയ്തിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. യുഎഇ സൈബര്‍ നിയമപ്രകാരം കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഏറെ വര്‍ഷം ഇയാള്‍ ജയിലില്‍ കഴിയേണ്ടിവരും.

Top