ആപ്പിള്‍ മേധാവിക്കെതിരെ പൊട്ടിത്തെറിച്ച് സുക്കര്‍ബര്‍ഗ്

ആപ്പിള്‍ മേധാവി ടിം കുക്കിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഒരു സേവനത്തിനു കാശുമുടക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു സംരക്ഷണം ലഭിക്കില്ലെന്ന കുക്കിന്റെ ആരോപണം വാചകക്കസര്‍ത്താണ്. ഇതിന് സത്യവുമായി ഒരു ബന്ധവുമില്ലെന്നുമാണ് സുക്കര്‍ബര്‍ഗ് പറഞ്ഞത്. ലോകത്തെ എല്ലാ മനുഷ്യരെയും തമ്മില്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവരില്‍ ചിലര്‍ക്ക് പൈസ നല്‍കി അത്തരമൊരു സേവനത്തിന്റെ ഭാഗമായിത്തീരാന്‍ കഴിയാതെ വരും. പരസ്യത്തിലൂടെ പണമുണ്ടാക്കി മാത്രമേ ആ മാതൃകയിലുള്ള സംരംഭം വിജയിപ്പിക്കാനാകൂവെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ആപ്പിളിനെപ്പോലെ പണക്കാര്‍ക്ക് മാത്രമല്ല ഫെയ്സ്ബുക്ക് സേവനം നല്‍കുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. കുക്ക് പറയുന്നത് ഡേറ്റാ ഖനനത്തില്‍ താന്‍ സക്കര്‍ബര്‍ഗിന്റെ അവസ്ഥയില്‍ എത്തില്ലെന്നാണ്. ഐഒഎസ് 11.3 അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് കൈ കൊടുത്താണ് ആപ്പിള്‍ സ്വീകരിക്കുന്നത്. സ്വകാര്യത പ്രതിജ്ഞയും എടുക്കുന്നുണ്ട്. ആളുകളുടെ ഡേറ്റ വിറ്റ് തങ്ങള്‍ക്കും പണക്കൂനയുണ്ടാക്കാം. പക്ഷേ, തങ്ങള്‍ അതു ചെയ്യില്ലെന്നാണ് ആപ്പിള്‍ ആവര്‍ത്തിച്ചു പറയുന്നത്. ഉപയോക്താവിനെ ഒരു വില്‍പ്പനച്ചരക്കാക്കാന്‍ തങ്ങളില്ലെന്നാണ് ആപ്പിള്‍ മേധാവി പറഞ്ഞത്. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഒരിക്കലും നശിക്കാതെ റെക്കോര്‍ഡു ചെയ്തു വയ്ക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യതയെ കുക്ക് വിശേഷിപ്പിക്കുന്നത് ‘മനുഷ്യാവകാശം,’ ‘പൗര സ്വാതന്ത്ര്യം’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണ്. എന്നാല്‍, ഫെയ്സ്ബുക്ക് ഇപ്പോഴും പറയുന്നത് തങ്ങള്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണെന്നാണ്. ലോകത്തെ കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സ്വകാര്യതയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. ഫെയ്സ്ബുക്ക് ഡേറ്റ ഉപയോഗിച്ചും ഇന്റര്‍നെറ്റ് ഉപയോഗം പഠിച്ചും തങ്ങളെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നടത്തുന്നുവെന്നും അറിഞ്ഞാല്‍ എത്ര പേര്‍ ഇത്തരമൊരു സേവനം സ്വീകരിക്കും എന്നതാണ് സുക്കര്‍ബര്‍ഗിന്റെ ചോദ്യം.

Top