ഫെയ്‌സ്ബുക്ക് വീഡിയോ സെര്‍ച്ചില്‍ കുട്ടികളുടെ സെക്‌സ്; ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക്

ഗൂഗിളിലേതു പോലെ ഫെയ്സ്ബുക്കിന്റെ സെര്‍ച് ബാറിനും ഓട്ടോ സജഷനുകളുണ്ട്. ഇവിടെ ‘video of..’ എന്നു സെര്‍ച്ചു ചെയ്തവര്‍ക്ക് ലഭിച്ച ഓട്ടോ സജഷനുകള്‍ ചില ഉപയോക്താക്കളെ ഞെട്ടിച്ചു. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടവയായിരുന്നു മിക്കതും. ഫെയ്സ്ബുക്കിന്റെ സെര്‍ച് നിയന്ത്രിക്കുന്ന അല്‍ഗോറിതങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരം സജഷനുകള്‍ മുന്നോട്ടു വയ്ക്കുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല. ഇതിനു മുന്‍പ് സെര്‍ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഉപയോക്താവിന്റെ സെര്‍ച് ഹിസ്റ്ററിയും അയാളുടെ ഫെയ്സ്ബുക് ആക്ടിവിറ്റിയും പഠിച്ചാണ് സെര്‍ച് സാധ്യതകള്‍ മുന്നോട്ടു വയ്ക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത്തവണ ഈ സജഷന്‍സ് കിട്ടിയ പലരും ഇത്തരം സെര്‍ചുകള്‍ ഫെയ്സ്ബുക്കിലോ ഇന്റര്‍നെറ്റില്‍ ഒരിടത്തും നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. സെര്‍ച് ഹിസ്റ്ററിയും ഫെയ്സ്ബുക്കിലൂടെ നടത്തുന്ന ഇടപെടലുകളും ഒരാളുടെ സെര്‍ചിനെ ബാധിക്കും. അതുകൊണ്ട് സെര്‍ച് ഹിസ്റ്ററി ഡിലീറ്റു ചെയ്താലും ചില സജഷനുകള്‍ ഉപയോക്താവിനു കിട്ടിക്കൊണ്ടിരിക്കും എന്നാണ് 2013ല്‍ ഫെയ്സ്ബുക്ക് നല്‍കിയ ഒരു വിശദീകരണം. അടുത്തിടെ ഫെയ്‌സ്ബുക്ക് ചില ഉപയോക്താക്കള്‍ക്കയച്ച ചോദ്യാവലിയിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യമടങ്ങിയിരുന്നത് വിവാദമായിരുന്നു ഫെയ്സ്ബുക്കില്‍ അപ്ലോഡു ചെയ്യപ്പെടുന്ന കണ്ടന്റിനുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലും ഫെയ്‌സ്ബുക്ക് ഇത് വരെ വിജയം കണ്ടിട്ടില്ല. എന്തായാലും സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ അവ നീക്കം ചെയ്ത് ക്ഷമ ചോദിച്ച് തടിയൂരുകയാണ് ഫെയ്‌സ്ബുക്ക് ചെയ്തത്.

Top