തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ കൊണ്ടാണ് ജനശ്രദ്ധ നേടിയത്. ഉമ്മന്‍ചാണ്ടിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി പറയുകയും കോണ്‍ഗ്രസിനെ ആഞ്ഞലടിക്കുകയും ചെയ്ത വിഎസിന്റെ ഫേസ്ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ ഇടം പടിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് വിഎസിനെ പുറത്താക്കി എന്നാണ് ഇപ്പോഴത്തെ വിവരം.
വിഎസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ കാണാനില്ല. ഫേസ്ബുക്ക് വിഎസിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് പാര്‍ട്ടി ഓഫീസ് നല്‍കിയ വിവരം. വിഎസിന്റെ പേജ് അപ്രത്യക്ഷമായ സംഭവം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണറിയുന്നത്. തിരുവനന്തപുരത്ത് എകെജി സെന്റര്‍ കേന്ദ്രമാക്കി, പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഇലക്ഷന്‍കാല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സോഷ്യല്‍ മീഡിയ സെന്ററിന്റെ ശ്രദ്ധയില്‍ ഇക്കാര്യം വരികയുണ്ടായി. തുടര്‍ന്ന് ഇന്നലെത്തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി സെന്ററിനു കൈമാറിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. തത്ക്കാലം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കൂടുതല്‍ വിവാദങ്ങളിലേക്കു പോകേണ്ടതില്ല എന്നാണ് തീരുമാനം എന്നറിയുന്നു.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ വിഎസിന്റെ സന്തതസഹചാരിയും ഓഫീസിലെ പ്രധാനിയുമായിരുന്ന ശശിധരന്‍ നായരുടെ മേല്‍നോട്ടത്തിലായിരുന്നു ഇലക്ഷന്‍ കാലത്ത് പേജില്‍ സ്റ്റാറ്റസ് പബ്ലിഷ് ചെയ്തിരുന്നത്. എന്നാല്‍ പലയിടത്തുനിന്ന് പലര്‍ ലോഗിന്‍ ചെയ്തതിനാല്‍ പേജിന്റെ ഉടമസ്ഥത തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക് നോട്ടീസ് നല്‍കുകയും താത്ക്കാലികമായി ബാന്‍ ചെയ്യുകയുമായിരുന്നു എന്നാണ് ശശിധരന്‍ നായര്‍ പ്രതികരിച്ചത്.
ഫേസ്ബുക്കില്‍ വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ ഒരേ സമയം ഒരാള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അതേസമയം പേജുകളാവുമ്പോള്‍ ഒന്നിലേറെ അഡ്മിന്‍മാരെ നിയമിക്കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വിഎസ് അച്യുതാനന്ദന്റെ പേരിലുണ്ടായിരുന്നത് പേഴ്‌സണല്‍ അക്കൗണ്ട് ആയിരുന്നു എന്നും പേജ് ആയിരുന്നില്ല എന്നുമാണ്, ശശിധരന്‍ പറഞ്ഞത്.
പേജ് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് തങ്ങള്‍ ഫേസ്ബുക്ക് അധികൃതരെ മെയില്‍ മുഖാന്തിരം ബന്ധപ്പെട്ടിരുന്നു. വിഎസ് അച്യുതാനന്ദന്റെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഉടന്‍ തന്നെ അയച്ചുകൊടുക്കും. അതോടെ പേജ് വീണ്ടെടുക്കാനാവും എന്ന് ശശിധരന്‍ നായര്‍ വിശദീകരിച്ചു. വ്യാജ അക്കൗണ്ട് ആണെന്ന സംശയം വരുമ്പോള്‍ ഫേസ്ബുക്ക് നടത്തുന്ന വെരിഫിക്കേഷന്‍ പ്രോസസ് ആണിത്. മള്‍ട്ടിപ്പിള്‍ ലൊക്കേഷനുകളില്‍ നിന്ന് ഒരേ സമയം ലോഗിന്‍ ചെയ്തതുമൂലമാണ് ഇതുവേണ്ടിവന്നതെന്നും ഇതുസംബന്ധിച്ച നിയമം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.