
യുവതിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ ലളിതാണ് പിടിയിലായത്. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പ്രണയ ജ്യോതിഷിയെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.തട്ടിപ്പിന് ഇരയായ യുവതി നവംബർ 19ന് ഹൈദരാബാദ് പൊലീസിന് പരാതി നൽകിയിരുന്നു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ ജോത്സ്യനെ തിരയുന്നതിനിടയിലാണ് ആസ്ട്രോ ഗോപാൽ എന്ന പേജിൽ ഗോപാൽ ശാസ്ത്രി എന്ന പേരുള്ള പ്രൊഫൈൽ കണ്ടത്. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉണ്ടായിരുന്നത്.
അവരുടെ നമ്പറും ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് യുവതി അവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജോതിഷത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ആദ്യം 32,000 രൂപ വാങ്ങിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാർത്ഥനക്കെന്ന വ്യാജേന 47.11 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം പ്രതിക്കെതിരെ സെക്ഷൻ 66 സി ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വില കൂടിയ മൊബൈൽ ഫോൺ, രണ്ട് ഡെബിറ്റ് കാർഡ്, ഒരു ചെക്ക്ബുക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രണയ ജോത്സ്യനെന്ന വ്യാജ പരസ്യങ്ങൾ നൽകിയിട്ടുണ്ട്. ഇതിന് മുമ്പും നിരവധി പേരെ ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.