തിരുവനന്തപുരം: പുതുച്ചേരി വ്യജ വാഹന രജിസ്‌ട്രേഷന്‍ സംഭവത്തില്‍ വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രമുഖര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. കേരളത്തിലെ നിരത്തുകളിലോടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വ്യാജമേല്‍വിലാസത്തില്‍ ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.
അന്വേഷണപരിധിയില്‍ വന്നവയില്‍ മിക്കവാറും എല്ലാ താല്ക്കാലിക മേല്‍വിലാസങ്ങളും വ്യാജമാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. നാലുദിവസത്തെ അന്വേഷണ കാലയളവില്‍ വിരലിലെണ്ണാവുന്ന ആഡംബര വാഹനങ്ങള്‍ മാത്രമേ പോണ്ടിച്ചേരിയില്‍ കാണാനായുള്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണപരിധിയില്‍ വന്ന ഒരു വ്യാജമേല്‍വിലാസത്തില്‍ ആറ് ആഡംബരവാഹനങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ആ മേല്‍വിലാസക്കാരന് വാഹനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്തുത സ്ഥലത്ത് ഒരു വാഹനം പോലും കയറ്റിയിടാന്‍ സ്ഥലവുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നടി അമലാ പോളിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള വിലാസം ഒരു കുടുസ്സുമുറിയുടേതാണ്. സമൂഹത്തിലെ പ്രമുഖ വ്യക്തി വൃത്തിഹീനമായ അത്തരമൊരു സാഹചര്യത്തില്‍ താമസിക്കുമെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമുണ്ടെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ വാഹനങ്ങളുടെ കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.