
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി സിബിഐയെ കൊണ്ട് അന്വേഷിക്കുമോ? ദുരൂഹതകള്‍ മാറാത്ത സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാനാണ് സാധ്യത. മണിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ ഇതിനുള്ള തീരുമാനം ുണ്ടാകുമെന്നാണ് സൂചന.
മണിയുടെ മരണം സിബിഐയെ പോലുള്ള മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മണിയുടെ ശരീരത്തില്‍ കീടനാശിനി ഇല്ലെന്നും മെഥനോള്‍ മാത്രമാണുള്ളതെന്നും കേന്ദ്രലാബിലെ രാസപരിശോധനാഫലം വ്യക്തമാക്കിയിരുന്നു.
മെഥനോള്‍ മരണകാരണമാകുമോയെന്ന് വിലയിരുത്താനായി പൊലീസ് വിദഗ്ദ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മരണകാരണമാകില്ലെന്നാണ് ഉത്തരമെങ്കില്‍ രോഗം മൂലമുള്ള സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്കെത്താനാണ് പൊലീസിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ കാണുന്നത്.
മണി കൊല്ലപ്പെട്ടതാണെന്നും സഹായികള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിവുണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉന്നത അന്വേഷണം ആവശ്യപ്പെടുന്നത്.