അപവാദപ്രചാരണത്തില്‍ മനംനൊന്ത് നാലംഗ കുടുംബം ആത്മഹത്യചെയ്തു. വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ് (48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് ആത്മഹത്യചെയ്തത്. വീടിനടുത്തുള്ള തോട്ടത്തിലെ കശുമാവില്‍ തൂങ്ങിയനിലയിലാണ് നാലു മൃതദേഹങ്ങളും കണ്ടെത്തിയത്. അഭിനവ് മുതിരേരി സര്‍വോദയം യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആത്മഹത്യചെയ്തതിന് പിന്നില്‍ അയല്‍വാസിയുടെ അപവാദപ്രചരണമെന്ന് ആത്മഹത്യകുറിപ്പ്. ആത്മഹത്യചെയ്ത വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്. വിനോദിനെയും ഒരു സ്ത്രീയേയും കുറിച്ച് അയല്‍വാസികളോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചരണം നടത്തിയ അയല്‍വാസിയുടെ നടപടിയില്‍ മനംനൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. പോലീസ്, അടുത്ത സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം, കുടുംബശ്രീ, തിടങ്ങഴി നാട്ടുകാര്‍ തുടങ്ങി ഏഴ് കത്തുകളാണ് എഴുതിയിരിക്കുന്നത്.
ഇന്ന് രാവിലെ അയല്‍വാസിയായ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാല് പേരെയും തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മികച്ച കര്‍ഷകനായ വിനോദ് ആത്മഹത്യചെയ്യാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തുടക്കം മുതലേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഒടുവില്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യകുറിപ്പുകളിലാണ് തങ്ങള്‍ ജീവനൊടുക്കാനുണ്ടായിരുന്ന യഥാര്‍ത്ഥകാരണം വിശദീകരിക്കുന്നത്.
മറ്റൊരു സ്ത്രീയേയും ബന്ധപ്പെടുത്തി സ്വന്തം അമ്മയോടും, നാട്ടുകാരോടും അപവാദങ്ങള്‍ പ്രചരിപ്പിച്ച അയല്‍വാസിയാണ് തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രസ്തുത സ്ത്രീയെ സ്വന്തം സഹോദരിയായാണ് താന്‍ കാണുന്നതെന്നും അവരെയും തന്നെയും കുറിച്ച് സ്വന്തം അമ്മയോടുപോലും അപവാദം പ്രചരിപ്പിച്ചത് മൂലമാണ് ജിവിതം അവസാനിപ്പിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
ഭാര്യ മിനിയുടേതായി രണ്ട് കത്തുകളുമുണ്ട്. അതില്‍ തന്റെ ഭര്‍ത്താവിനെ തനിക്ക് അത്രയധികം വിശ്വാസമാണെന്നും ഇത്തരത്തില്‍ അപഖ്യാതി പ്രചരിച്ച സ്ഥിതിക്ക് തങ്ങള്‍ ജിവിച്ചിരിക്കുന്നില്ലെന്നും മിനി വ്യക്തമാക്കുന്നു. നാല് പേരെയും തോട്ടത്തിലെ കശുമാവിന്‍ ചോട്ടില്‍ കുഴിയെടുത്ത് അടക്കം ചെയ്യണമെന്നും കത്തില്‍ പറയുന്നതായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ വ്യക്തമാക്കി.
അയല്‍വാസിക്കെതിരെ അന്വേഷണത്തിന് ശേഷം വേണ്ടിവന്നാല്‍ ആത്മഹത്യപ്രേരണയ്ക്ക് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേരുടേയും മരണത്തില്‍ കൂടുതല്‍ ദുരുഹതകള്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നും, നാല് പേരും തൂങ്ങിമരിച്ചതാണെന്നാണ് സാഹചര്യതെളിവുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൃതദേഹത്തിന് സമീപത്ത് കണ്ട് ശീതളപാനീയത്തിന്റെ സാമ്പിള്‍ മെഡിക്കല്‍ ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.