ആര്‍ഭാട ജീവിതത്തിനായി ട്രെയിനില്‍ കറങ്ങി മോഷണം: അമ്മയും മൂന്നു മക്കളും അടങ്ങയി എട്ടംഗ സംഘം പിടിയില്‍; മക്കളെ കക്കാന്‍ പഠിപ്പിച്ചത് അമ്മ

ഗയ: ആര്‍ഭാട ജീവിതത്തിനായി ട്രെയിനില്‍ കറങ്ങി നടന്നു മോഷണം നടത്തുകയായിരുന്ന അമ്മയും മക്കളും അടങ്ങുന്ന വന്‍ മോഷണ സംഘത്തെ ബീഹാര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. ട്രെയിനില്‍ കറങ്ങി നടന്നു അന്തര്‍ സംസ്ഥാന തലത്തില്‍ മോഷണം നടത്തുന്ന വന്‍ സംഘത്തെയാണ് ബീഹാര്‍ പൊലീസ് പിടികൂടിയത്. പ്രതികളുടെ അമ്മയാണ് സംഘത്തിന്റെ തലവനെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ ഗൗതമിന്റെയും സുരാജിന്റെയും അമ്മയാണ് സംഘത്തിലെ തലവനെന്നും പൊലീസ് പറഞ്ഞു. ആര്‍ഭാട ജീവിതത്തിനായി മക്കളെ മോഷണം പഠിപ്പിക്കുന്നത് ഇതേ അമ്മ തന്നെയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ബീഹാറിലെ ബജ്രാപൂര്‍ മുണ്‍ഗര്‍ ജില്ലയില്‍ നിന്നുള്ള വന്‍ മോഷണ സംഘമാണ് ഇന്നലെ പാറ്റ്‌നയില്‍ നിന്നും പിടിയിലായത്. പ്രതികളായ ഗൗതം, സുരാജ് മണ്ഡല്‍ എന്നിവരും ഇവരുടെ സംഘാംഗങ്ങളായ എട്ടു പേരുമാണ് ഇന്നലെ പിടിയിലായ സംഘത്തിലുള്ളത്. ഇവരുടെ സഹോദരനും സംഘത്തിലെ പ്രധാനിയുമായ ജുഗ് വാ മണ്ഡലിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാള്‍ പൊലീസിന്റെ പിടിയില്‍ നിന്നും കുതറി മാറി രക്ഷപെടുകയായിരുന്നു.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ട്രെയിനില്‍ മോഷണം നടത്തുന്ന വന്‍ സംഘമാണ് ഇവര്‍ക്കു പിന്നിലുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളും അമ്മയും നിര്‍ദേശിക്കുന്നതനുസരിച്ചു ട്രെയിനില്‍ കയറിയിറങ്ങി മോഷണം നടത്താന്‍ ഇവര്‍ക്കു പിന്നില്‍ 25 അംഗ സംഘമാണ് ഉണ്ടായിരുന്നത്. യുവാക്കളെ റിക്രൂട്ട് ചെയ്ത ശേഷം ഇവര്‍ ഇത്തരത്തില്‍ മോഷണത്തിനു നിയോഗിക്കുകയാണ് ചെയ്തിരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തി മോഷണ മുതല്‍ ഏറ്റുവാങ്ങുന്ന അമ്മയും മക്കളും വിമാനത്തിലാണ് യാത്ര തുടര്‍ന്നിരുന്നത്.
ഓരോ മോഷ്ടാവിനും കൃത്യമായി ടാര്‍ജറ്റ് നല്‍കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടില്‍ നിന്നും 87 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയത്. ഇവരുടെ അമ്മ ശോഭാദേവിയുടെ പേരിലാണ് അക്കൗണ്ടുകള്‍ പാലിച്ചിരുന്നത്. ഇവരുടെ അമ്മയാണ് സംഘത്തിന്റെ തലവനെന്നും പൊലീസ് പറയുന്നു.

Top