മലയാളത്തിന്റെ മഹാനടനും നമ്മുടെ സ്വകാര്യ അബിമാനവുമായ പത്മശ്രീ ഭരത് മോഹന്‍ലാലിന്റെ ജന്മദിനാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ് ആരാധകര്‍. ‘മോളിവുഡിന്റെ രാജാവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗിന്റെ ട്വീറ്റാണിത്. പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന് സിനിമാ കായിക ലോകത്തെ നിരവധിപ്പേര്‍ പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. മാപ്പ് ചോദിച്ചുകൊണ്ടാണ് കെആര്‍കെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സര്‍ ഞാന്‍ താങ്കളെ ട്രോളിയതിന് ക്ഷമിക്കണം. പക്ഷേ ഇപ്പോള്‍ ഞാന്‍ അറിഞ്ഞു, ഇന്ത്യയിലെ മികച്ച നടനാണ് താങ്കളെന്ന്. കെആര്‍കെ പറഞ്ഞു.
എല്ലാ വര്‍ഷവും മുന്‍വര്‍ഷത്തേക്കാള്‍ കേമമായിട്ടാണ് പ്രീയതാരം മോഹന്‍ലാലിന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷിക്കാറ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. തങ്ങളുടെ ലാലേട്ടന്റെ പിറന്നാള്‍ ആഘോഷിക്കാനും ആശംസകള്‍ നേരാനും മത്സരിക്കുകയാണ് മലയാളികള്‍. ഇതില്‍ ആരാധകരും സിനിമാ പ്രവര്‍ത്തകരുമെല്ലാമുണ്ട്.
ഓരോ പുതിയ ചിത്രങ്ങളേയും ആകാംക്ഷയോടെ സമീപിക്കാറുള്ള ആരാധകര്‍ പിറന്നാള്‍ ദിനത്തില്‍ പക്ഷേ മോഹന്‍ലാലിന്റെ ഹിറ്റായ പഴയ ചിത്രങ്ങളുടെ സ്‌പെഷ്യല്‍ ഷോയ്ക്ക് ഇടിച്ചു കയറുകയാണ്. മീശപിരിച്ച് മലയാളികളെ ത്രസിപ്പിച്ച് സ്ഫടികവും നരസിംഹവും പതിവുപോലെ ഈ വര്‍ഷവും പ്രദര്‍ശിപ്പിച്ചു. ഇത്തവണ പുതുതായി റിറീലീസ് ചെയ്തത് അന്‍വര്‍ റഷീദിന്റെ ഛോട്ടാമുംബൈയ് ആയിരിന്നു. ഇതിനൊപ്പം മോഹന്‍ലാലിന്റെ അവിസ്മരണീയമായ ആക്ഷന്‍ പ്രകടനം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ പുലിമുരുകനും.
ആലപ്പുഴ റെയ്ബാന്‍ സിനിഹൗസ്, മൂവാറ്റുപുഴ ലത, പൊന്‍കുന്നം ഫോക്കസ്, മണ്ണാര്‍ക്കാട് തുടങ്ങി എട്ട് കേന്ദ്രങ്ങളില്‍ സ്ഫടികത്തിന് മാത്രമായി ഇന്ന് പ്രദര്‍ശനമൊരുക്കിയിരുന്നു. ഞാറയ്ക്കല്‍ മജെസ്റ്റിക്, എടപ്പാള്‍ ഗോവിന്ദ, പെരുമ്പാവൂര്‍ നരസിംഹം, ചങ്ങനാശ്ശേരി അപ്‌സര, ഇരിങ്ങാലക്കുട സിന്ധു തുടങ്ങിയ തീയേറ്ററുകളിലാണ് നരസിംഹം ഇറങ്ങിയത്. മാവേലിക്കര പ്രതിഭയില്‍ പുലിമുരുകന്‍ വേട്ടയ്‌ക്കെത്തി. അടൂരിലെ തീയേറ്ററില്‍ ഛോട്ടാമുംബൈയും പ്രദര്‍ശിപ്പിച്ചു.
കേരളത്തില്‍ മാത്രമൊതുങ്ങിയില്ല ലാലിന്റെ പിറന്നാള്‍ ആഘോഷം. തെലുങ്ക് ആരാധകരും ആഘോഷത്തില്‍ പങ്കാളികളായി. ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ സഹകരണത്തോടെ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കി ആന്ധ്രയില്‍ ലാല്‍ ആരാധകര്‍ പ്രദര്‍ശനത്തിനെത്തിച്ചു. തെലുങ്കിലെ സൂപ്പര്‍താരങ്ങളെ പോലെ മോഹന്‍ലാലിനും ഫാന്‍സ് ക്ലബ് ഉണ്ട്. കേരളത്തിന് പുറത്ത് ഒരു മലയാള നടന്റെ ചിത്രത്തിന് ഫാന്‍സ് ഷോ ഇതാദ്യമാണ്. ആ നേട്ടവും മോഹന്‍ലാലിന് മാത്രം സ്വന്തം. പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യംപുലി സൂപ്പര്‍ ഹിറ്റായിരുന്നു. ഇതോടെ മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുകയാണ്.
1978ല്‍ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ലാലേട്ടന്റെ വെള്ളിവെളിച്ചത്തിലേക്കുള്ള് വരവ്. ആദ്യ സിനിമ വെളിച്ചം കണ്ടില്ലെങ്കിലും, പിന്നീടുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാളിക്ക് സമ്മാനിച്ചത് ഒരു വിസ്മയമായിരുന്നു. വില്ലനിലൂടെ സ്‌ക്രീനിലെത്തി സൂപ്പര്‍ നായകനിലേക്കുള്ള അവിസ്മരണീയ യാത്രയുടെ വിസ്മയം. ആ യാത്രയ്ക്കിടയില്‍ മലയാളികളെ കരയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആക്ഷന്‍ രംഗങ്ങളിലൂടെ കോരത്തരിപ്പിച്ചും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു.
ലാല്‍ മാജിക്കില്‍ ഹിറ്റായ ചിത്രങ്ങളുടെ പട്ടിക നിരത്തുക അസാധ്യമാണ്. അഭിനേതാവെന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതല്ല ലാലിന്റെ സിനിമാ ജീവിതം.ഗായകനായും, നിര്‍മ്മാതാവായുമൊക്കെ നിറഞ്ഞു നില്‍ക്കുന്നതാണ്. അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന സെലിബ്രിറ്റ് ക്രിക്ക്റ്റ് ലീഗിലെ ക്യാപ്ടന്‍ സ്ഥാനത്തും ലാലിനെ മലയാളികള്‍ കണ്ടു.
ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷത്തിന് ദേശിയ പുരസ്‌കാരത്തിന്റെ മാറ്റ് കൂടിയുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 1000 കോടി ബജറ്റിലൊരുങ്ങുന്ന എംടിയുടെ രണ്ടാംമൂഴംത്തിലെ ഭീമനായുള്ള കാത്തിരിപ്പും.