വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ പണമിടപാടുകാരന്‍റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊന്നു  

സീതാപൂര്‍: കടമെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ കര്‍ഷകനെ പണമിടപാടുകാരന്റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ കര്‍ഷകനായ ഗ്യാന്‍ ചന്ദാണ് (45) കൊല്ലപ്പെട്ടത്. ട്രാക്ടര്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഗ്യാന്‍ പണം വായ്പ വാങ്ങിയത്. അഞ്ച് ലക്ഷം രൂപയാണ് വായ്പയെടുത്തത്. തുടര്‍ച്ചയായി കൃഷി നഷ്ടത്തിലായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇനി അടക്കാനുള്ളത്.  എന്നാല്‍ രണ്ട് ദിവസം മുമ്പ് പണമിടപാട് സ്ഥാപനം അയച്ച ഗുണ്ടകളെത്തി ഗ്യാനിന്റെ പക്കല്‍ നിന്നും ട്രാക്ടറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. ബാക്കി തുക ഉടന്‍തന്നെ തിരിച്ചടയ്ക്കുമെന്ന് അറിയിച്ചെങ്കിലും അവര്‍ താക്കോല്‍ പിടിച്ചെടുക്കുകയായിരുന്നു. വാഹനം കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഗ്യാനിനെ തള്ളിമാറ്റി. തുടര്‍ന്ന് ഗ്യാന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുകയും ട്രാക്ടര്‍ ശരീരത്തില്‍ കയറി മരിക്കുകയുമായിരുന്നു. തന്റെ കണ്‍മുന്നില്‍ വെച്ചാണ് ഗ്യാന്‍ പിടഞ്ഞു മരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഓം പ്രകാശ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top