കതിരൂര്‍ മനോജ് വധം : പി.ജയരാജന്‍ അറസ്റ്റിനടുത്ത്

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ജില്ലാ ശാരീരിക്ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ സംഘം പി. ജയരാജനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍, ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ജയരാജന്‍ ഹാജരായില്ല. കോടതി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളുകയും സംഭവത്തില്‍ ജയരാജന്റെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ സിബിഐ ജയരാജനെ അറസ്റ്റു ചെയ്‌തേക്കും.

ഇന്നലെ 11 മണിക്ക് തലശേരി ഗസ്റ്റ്ഹൗസില്‍ ഹാജരാകണമെന്ന് കാണിച്ചാണ് പി. ജയരാജന് സിബിഐ ഔദ്യോഗികമായി നോട്ടീസ് നല്‍കിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഒരാഴ്ചത്തെ സമയമനുവദിക്കണമെന്ന് വക്കീല്‍ മുഖേന നോട്ടീസിന് പി. ജയരാജന്‍ മറുപടി നല്‍കുകയായിരുന്നു. കോടതിയെ സമീപിക്കാനുള്ള സമയം തേടാനാണ് ജയരാജന്റെയും പാര്‍ട്ടിയുടെയും ശ്രമം. എന്നാല്‍, സിബിഐ അതിനു മുമ്പ് അറസ്റ്റു ചെയ്‌തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു മാസത്തോളമായി കേസന്വേഷണത്തില്‍ പ്രത്യക്ഷ നടപടിയൊന്നുമില്ലായിരുന്നു. കേസിന്റെ രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കലും, കൊലപാതക ആസൂത്രണത്തിലെ തെളിവുശേഖരണവുമായി സിബിഐ നീങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയരാജനോട് സിബിഐ ആവശ്യപ്പെട്ടത്.

കേസന്വേഷണത്തിന്റെ ഭാഗമായി 2015 ജൂണ്‍ രണ്ടിന് പി.ജയരാജനെ തിരുവനന്തപുരം സിബിഐ ഓഫീസില്‍ വെച്ച് ഏഴു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട് തലശേരി സെഷന്‍സ് കോടതിയില്‍ പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്‍കി. പക്ഷേ, നിലവില്‍ കേസിലുള്‍പ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ ജയരാജന്റെ ജാമ്യഹര്‍ജി കോടതി ജൂലായ് 24ന് തളളുകയായിരുന്നു. അറസ്റ്റ് ഭയന്ന് അന്ന് ഹൃദ്രോഗസംബന്ധമായ അസുഖം ഉണ്ടെന്ന് വിശദീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ജയരാജന്‍ ചികിത്സ നേടിയതും ഏറെ ചര്‍ച്ചയായിരുന്നു.

വീണ്ടും ഹാജരാകാന്‍ സമയമനുവദിക്കണമെന്ന ജയരാജന്റെ മറുപടി സിബിഐ സ്വീകരിക്കാനുളള സാധ്യത കുറവാണെന്നാണ് സൂചന. നിലവില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യമായ ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായെന്ന നിഗമനമാണ് അന്വേഷണസംഘത്തിനുളളത്. അതിനാല്‍ തന്നെ ഏതുസമയവും ഇയാളെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
കീഴ്‌കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ മുമ്പ് തളളിയതിനാല്‍ ജയരാജന്‍ ഹൈക്കോടതിയെ സമീപിക്കാനുളള നീക്കം നടത്തുന്നുണ്ട്. കള്ളക്കേസില്‍ കുടുക്കാന്‍ സിബിഐ ശ്രമിക്കുകയാണെന്നാണ് ജയരാജന്റെ ആരോപണം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വെച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജന്‍ ഫോണ്‍ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ പൂര്‍ണ്ണമായും ലഭ്യമായതിനാല്‍ അറസ്റ്റിനുളള സാധ്യതയേറെയാണ്.

അതേസമയം, കേസ് തലശ്ശേരിക്കോടതിയില്‍ നിന്ന് ഏറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫെബ്രുവരി മൂന്നിന് പരിഗണിക്കുന്നുണ്ട്.

Top