സര്‍ക്കാര്‍ നടത്തുന്ന കര്‍ഷക വഞ്ചനക്കെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന പടുകൂറ്റന്‍ റാലി മുംബൈ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി സര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകാരിക്കാനുള്ള മുന്‍കരുതലുകള്‍ സമരക്കാരും സ്വീകരിച്ചിട്ടുണ്ട്.
പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ദിവസമായ തിങ്കളാഴ്ച റാലി കടന്നു പോകുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷി ഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
നാളെ മഹാരാഷ്ട്ര നിയമസഭ വളയുകയാണ് കര്‍ഷകരുടെ ലക്ഷ്യം.നിയമസഭയില്‍ ബജറ്റ് സമ്മേളനം നടന്നുവരികയാണ്.
സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് റാലിക്ക് നേതൃതം നല്‍കുന്നത്. എന്നാല്‍, കര്‍ഷകരെ നിയമസഭ പരിസരത്തേക്ക് വിടരുതെന്നാണ് സര്‍ക്കാര്‍ പൊലിസിന് നല്‍കിയ നിര്‍ദേശം. കര്‍ഷകരെ ആസാത് മൈതാനതേക്ക് വഴിതിരിച്ചുവിടാനാണ് പൊലിസിന്റെ നീക്കം. ഇതനുസരിച്ച് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പൊലിസ് ശ്രമം നടത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ നാസികില്‍ നിന്ന് ആരംഭിച്ചതാണ് കര്‍ഷക റാലി. ആദിവാസികള്‍ ഉള്‍പടെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ റാലിയില്‍ എത്തിചേരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്.
റാലി മുംബൈയില്‍ എത്തുമ്പോള്‍ ലക്ഷം കടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റാലിയെ കുറിച്ച് കേട്ടറിഞ്ഞും ആളുകള്‍ സമരത്തില്‍ പങ്കാളികളാകുന്നുണ്ട്. അപര്യാപ്തമായ കടം എഴുതിത്തള്ളലിലുടെ സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് റാലിയില്‍ അണിചേര്‍ന്നവര്‍ പറയുന്നു.