രാജവാഡ: ബാലപീഡനത്തില്‍ അതിവേഗ മരണശിക്ഷ നല്‍കി രാജ്യത്തിന് മാതൃകയായി ഇന്‍ഡോര്‍ ജില്ലാ കോടതി. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്കാണ് 22 ദിവസത്തിനുള്ളില്‍ കേസന്വേഷണവും വിചാരണയും നടത്തി കോടതി മരണശിക്ഷ വിധിച്ചത്. മധ്യപ്രദേശില്‍ ഏറ്റവും വേഗത്തില്‍ തെളിയിച്ച് ശിക്ഷ നല്‍കിയ കേസാണിത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നാണ് കോടതിയിതിനെ നിരീക്ഷിച്ചത്. പ്രതി യാതൊരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് വിചാരണ വേളയില്‍ അയാളുടെ മുഖത്ത് നോക്കി കോടതി പറഞ്ഞു. മറുത്തൊന്നും പറയാനില്ലാതെ പ്രതി പകച്ചു നില്‍ക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഏറെ നടുക്കി പീഡനമായിരുന്നു അത്. അമ്മയുടെയും അച്ഛന്റെയും കൂടെ ഉറങ്ങി കിടന്ന കുഞ്ഞിനെ എടുത്തു കൊണ്ടു പോയി. പീഡിപ്പിച്ച ശേഷം എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രതി കുട്ടിയെ എടുത്തു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കുഞ്ഞിന്റെ ബന്ധുവുമായിരുന്നു ഇയാള്‍.
ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പോലീസിന് പഴുതടച്ച് കുറ്റപത്രം സമര്‍പ്പിക്കാനായി. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും ഇയാളുടെ ഡിഎന്‍എ ലഭിച്ചു. ഇതിനിടെ 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് മരണശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിട്ടതും കേസ് വേഗത്തിലാകാന്‍ സഹായിച്ചു. നേരത്തേ പ്രതിയെ ജനക്കൂട്ടം ഉപദ്രവിച്ചതിനാല്‍ വന്‍ സുരക്ഷയോടെയാണ് വിചാരണയ്ക്ക് ശേഷം കോടതിയുടെ പുറത്തേയ്ക്കെത്തിച്ചത്.