മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ മാനസികമായി തളര്‍ന്നു; പിതാവ് ആത്മഹത്യ ചെയ്തു

ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ പിതാവ് ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി മാത്യു സ്‌കറിയ(സിബി-58)യാണ് ജീവനൊടുക്കിയത്. ചപ്പാത്ത് ആലടിക്കു സമീപം പെരിയാറിലെ കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. റബര്‍കര്‍ഷകനായിരുന്ന മാത്യു വിലയിടിഞ്ഞതോടെ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയാണ് മൂത്തമകളായ ആന്‍സിയുടെ വിവാഹം നിശ്ചയിച്ചത്. ഓഗസ്റ്റ് 27നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാകാതെ വന്നതോടെ മാനസിക സമ്മര്‍ദത്തിലായിരുന്നു സിബി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിവരെ സിബി വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം ഫോണ്‍ വീട്ടില്‍ വെച്ച് പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും തിരിച്ചെത്താതായതോടെ അന്വേഷണം ആരംഭിച്ചു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിവും വിവരം ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ പെരിയാറിലെ കയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന വിവരം ഫെയ്‌സ്ബുക്കിലൂടെ അറിഞ്ഞു. ചിത്രത്തിന് സാമ്യം തോന്നിയതിനാല്‍ സഹോദരന്‍ എബ്രഹാമും വെച്ചൂച്ചിറ പഞ്ചായത്തംഗം കൂടിയായ ഭാര്യ സഹോദരന്‍ സ്‌കറിയ ജോണും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഭാര്യ: മോളി, മക്കള്‍: ആന്‍ മരിയ, അനീഷ, അഭിഷേക്.

Top