കുന്നത്തുകളത്തില്‍ മുതലാളി ആശുപത്രി കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടി ജീവനൊടുക്കി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥ(63)ന്‍ സ്വകാര്യ ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി. കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടിയ വിശ്വാനാഥന്‍ കെട്ടിടത്തിലെ ഇരുന്പുനിര്‍മിത കൈവഴിയിലേക്കാണു വീണത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വിശ്വനാഥന്‍ വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്.

അന്നുതന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി ന്യൂനത അനുഭവപ്പെട്ട വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു.

കടംകയറി, ജ്വല്ലറിയുടെ തിരുവല്ല ഷോറൂം അടച്ചുപൂട്ടി. ചിട്ടിസ്ഥാപന ഉടമ മുങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറിയ്ക്കും ചിട്ടിസ്ഥാപനത്തിനും മുന്നില്‍ ഇടപാടുകാര്‍ തടിച്ചുകൂടി. പോലീസ് സ്ഥലത്തെത്തി ഇവരില്‍ നിന്നും പരാതി എഴുതിവാങ്ങി. അങ്ങനെ, കുന്നത്തുകളത്തില്‍ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ ‘കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍’ എന്ന പേരില്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങളോടെ വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായി. ചിട്ടിക്കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 50 കോടിയ്ക്ക് മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നിരുന്നു.

വന്‍കിട മുതലാളിമാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഇവിടെ ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചിരുന്നു. വിശ്വനാഥന്റെ അറസ്‌റ്റോടെ എല്ലാം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍, തന്റെ കമ്പനിയില്‍ പാവങ്ങള്‍ നിക്ഷേപിച്ച തുക എങ്ങോട്ടാണ് വകമാറ്റിയത് എന്ന വിശ്വനാഥന് ഒരു പിടിയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പോലീസിനും കൃത്യമായ ഉത്തരം നല്‍കാന്‍ വിശ്വനാഥന് കഴിഞ്ഞില്ല. ഇതോടെ മാനസിക പിരിമുറുക്കം കൂടി. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. കണക്കനുസരിച്ച് നൂറുകോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ആയിരംകോടി കവിയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ വിശ്വനാഥന്‍ റിമാന്റിലായിരുന്നു.

Top