ആതിര രാജു
(ഹെറാൾഡ് സ്‌പെഷ്യൽ )
കൊച്ചി:കുഞ്ഞു ഫാത്തിമ…അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ലോകത്തെ നോക്കി. പുറത്തെ മരങ്ങളില്‍ ഇലയനങ്ങുന്നത് നോക്കി വാപ്പയുടെ കൈകളില്‍ കിടന്ന് കള്ളച്ചിരി. എല്ലാവരേയും തോല്‍പ്പിച്ചെന്ന ഭാവത്തില്‍ ആ കണ്ണുകളില്‍ കുസൃതികള്‍ മിന്നിമറഞ്ഞു. അനുഭവിച്ച വേദനകള്‍ ഒന്നും അവള്‍ക്ക് ഓര്‍മയുണ്ടാകില്ല. നാല് മാസം ആവുന്പോഴേക്കും ഹൃദയത്തുടിപ്പുകള്‍ക്ക് വേണ്ടിയുള്ള ലോകത്തിന്‍റെ പരക്കം പാച്ചില്‍ തിരിച്ചറിയാന്‍ പ്രായമാകുന്പോള്‍ കേട്ടാല്‍ അന്പരന്നു പോകുമായിരിക്കും.
കുഞ്ഞുഫാത്തിമയെ ആരും മറന്നു കാണില്ല. കഴിഞ്ഞ നവംബര്‍ 16൧൬ന് കേരളം മുഴുവന്‍ അവള്‍ക്ക് വേണ്ടി തങ്ങളുടെ ഒരു നിമിഷം കടം കൊടുത്തു. ട്രാഫിക് സിനിമയിലെ രംഗങ്ങള്‍ പോലെ അവളെയും ചേര്‍ത്ത് പിടിച്ച് ആംബുലന്‍സില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും വെറും ആറ് മണിക്കൂറു കൊണ്ടാണ് ഫാത്തിമ ലെയ്ബ തിരുവനന്തപുരം ശ്രീചിത്രയിലെത്തിയത്. പിന്നീട് അതിലും വേഗത്തിലായി കാര്യങ്ങള്‍.ഹൃദയ ദമനികള്‍ കെട്ട്പിണഞ്ഞ് കിടക്കുന്ന ആ കുഞ്ഞു ഹൃദയത്തിന്‍റെ മിടിപ്പിന് വേണ്ടി ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ വിയര്‍പ്പൊഴുക്കി. ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ ചങ്കിടിപ്പ് അടക്കിപ്പിടിച്ച് അവളുടെ ഉമ്മയും വാപ്പയും ബന്ധുക്കളും അവളുടെ ആരുമല്ലാത്തവരും.
അങ്ങനെ മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയക്ക് ശേഷം വിജയക്കൊടി കാണിച്ചു ഡോക്ടര്‍മാര്‍. പുറത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ ശസ്ത്രക്രിയ വിജയകരമായെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.പക്ഷേ, സിറാജിന്റേയും ആയിഷയുടേയും നെഞ്ചിലെ തീ കെട്ടടങ്ങിയില്ല. തല്‍ക്കാലം രക്ഷപെട്ടു. പക്ഷേ, ഇനിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അണുബാധയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനിയുള്ള നിമിഷങ്ങള്‍ പ്രാണന് വേണ്ടി പടച്ചോനോട് നെഞ്ചുരുകി പ്രാര്‍ഥിക്കണം. പ്രാര്‍ഥന മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. കുറെയാളുകളുടെ നല്ല മനസാണ് അവളുടെ ജീവന്‍ എന്ന് സിറാജ് പറയുന്നു.
സോഷ്യല്‍ മീഡിയയിലും മറ്റ് മീഡിയകളിലൂടെയും കുഞ്ഞു ഫാത്തിമയുടെ ജീവന് വേണ്ടി ഹൃദയം ചേര്‍ത്ത് വെച്ചതോര്‍മിക്കുന്പോള്‍ നന്ദി പറഞ്ഞാല്‍ തീരില്ലെന്നാണ് സിറാജ് പറയുന്നത്.വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുന്ന്. നാല് വര്‍ഷം കാത്തിരുന്ന് കിട്ടിയതുകൊണ്ട് തന്നെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
പക്ഷേ, ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയുടെ ഹൃദയദമനികള്‍ കെട്ട് പിണഞ്ഞാണ് കിടക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അന്ന് തുടങ്ങി മനസിന്റെ വേവ്. നിശ്ചിത കാലയളവിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു നിര്‍ദേശം. എസ്എടി ആശുപത്രിയില്‍ ജനിച്ച ആ കുഞ്ഞു മാലാഖക്ക് നാട്ടില്‍ വെച്ചാണ് അണുബാധയുണ്ടാകുന്നത്. ഉടന്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അവളെ കിട്ടില്ല. ജീവന് വേണ്ടി മണിക്കൂറുകള്‍ പണയം വെച്ചുകൊണ്ടുള്ള യാത്ര. കഴിഞ്ഞതൊന്നും ഓര്‍മിക്കാന്‍ പറ്റുന്നില്ല സിറാജിനും ആയിഷക്കും.
ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ മാസം പത്താം തിയതി ഡിസ്ചാര്‍ജ് ചെയ്തു. പക്ഷേ, കൂടുതല്‍ സംരക്ഷണം ആവശ്യമുള്ളതുകൊണ്ട് ആശുപത്രി പരിസരത്ത് തന്നെ താമസിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തൊട്ടടുത്ത് റൂമെടുത്ത് താമസിച്ചു.ഭക്ഷണത്തിന് പോലും പണമില്ലായിരുന്നു. നല്ല മനസുള്ളവരുടെ സഹായമാണ് തങ്ങളെ ഇത്രയും പിടിച്ചു നിര്‍ത്തിയതെന്ന് സിറാജ് പറയുന്നു. ഇനിയും എല്ലാവരുടേയും പ്രാര്‍ഥന വേണം.നാട്ടിലേക്ക് പോകുന്നു എന്നേ ഉള്ളൂ.ഉള്ള് തൊട്ട് പൂര്‍ണമായും സന്തോഷിക്കണമെങ്കില്‍ ഇനിയും കുറെക്കൂടി കഴിയണം. അതു കേട്ടപ്പോള്‍ ഫാത്തിമ ലെയ്ബ ഒന്നു കൂടി കൈ കാലിട്ടിളക്കി ചിരിച്ചു….