ആലപ്പുഴ : യു പ്രതിഭ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു. എംഎൽഎയുടെ പരാതിയെ തുടർന്നാണ് പേജ് ബ്ലോക്ക് ചെയ്തത്. തന്റെ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു പ്രതിഭ ആലപ്പുഴ എസ്പിക്ക് പരാതി നൽകി. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റും അപ്രത്യക്ഷമായി ഇതോടെ നവ മാധ്യമങ്ങളിൽ വിവാദം മുറുകി. എം എൽ എ ഓഫീസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ യു പ്രതിഭ എം എൽ എ എന്ന ഫേസ്ബുക്ക് പേജ് തന്നെ നീക്കം ചെയ്ത അവസ്ഥയിലാണ്. എം എൽ എ യുടെ ഫേസ്ബുക്കിലെ പരാമർശങ്ങൾ ഇതിന് മുമ്പും വലിയ വിവാദങ്ങൾക്ക് ഇടവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പ്രതിസന്ധി നിലനിൽക്കുന്ന സി പി എമ്മിൽ പുതിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുകയാണ് പ്രതിഭയുടെ വിമർശനാത്മക പോസ്റ്റ്.
ഇന്നലെ രാത്രിയാണ് ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്ന പഴഞ്ചൊല്ല് പ്രതിഭയുടെ ഫേസ്ബുക്ക് പേജിൽ ആദ്യമെത്തിയത്. ഞൊടിയിടയിൽ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള ചോദ്യങ്ങൾ കമന്റ് ബോക്‌സിൽ നിറഞ്ഞു. മന്ത്രി ജി സുധാകരനെ ലക്ഷ്യമിട്ടുള്ളതെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്.
സുധാകരനെതിരായ പൊലീസിലെ പരാതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കമന്‍റുകൾ. മറ്റു ചിലർ കെ ടി ജലീലിന്‍റെ രാജിയിലേക്ക് വിരൽചൂണ്ടി. കമന്‍റുകൾ വിവാദങ്ങളിലേക്ക് നീങ്ങിയപ്പോൾ ഈ പോസ്റ്റ് അപ്രത്യക്ഷമായി. തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി അടുത്ത പോസ്റ്റ് തൊട്ടുപിന്നാലെയെത്തി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിശദീകരണ പോസ്റ്റും പിൻവലിക്കപ്പെട്ടു. ഇതോടെ സമൂഹമാധ്യമങ്ങളിലെ ചർച്ചക്ക് ചൂടേറി. ആലപ്പുഴ സിപിഎമ്മിൽ സമീപകാലത്ത് ഉയർന്ന വിഭാഗീയതയും വിവാദങ്ങളുമാണ് പോസ്റ്റുകൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ എംഎല്‍എ പറയുന്നത് ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്നാണ്. പരാതിയും നല്‍കിയിട്ടുണ്ട്.