‘വിമർശനങ്ങൾക്കായുള്ള വാതിൽ തുറന്നു കിടക്കുന്നു’ – ലുക്മാൻ ചിത്രത്തെക്കുറിച്ചു സംവിധായകൻ

ഓപ്പറേഷൻ ജാവയുടെ വിജയത്തിന് ശേഷം ലുക്മാനൊപ്പം,സുധി കോപ്പയും,ശ്രീജാദാസും  കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘നോ മാൻസ് ലാൻഡ്’ എന്ന ചിത്രത്തെക്കുറിച്ചു കമന്റ് ചെയ്യുന്നത് നവാഗത സംവിധായകൻ ജിഷ്ണു ഹരീന്ദ്ര വർമയാണ്. മറ്റെല്ലാം മാറ്റി വെച്ചു സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം തികയുന്ന ജിഷ്ണുവും കൂട്ടുകാരും ബിഗ് സ്‌ക്രീൻ സ്വപ്നങ്ങളുമായി മലയാളി സ്വീകരണ മുറികളിലേക്ക് എത്തുന്നത് ‘നോ മാൻസ് ലാൻഡ്’ എന്ന ഡ്രാമാ ത്രില്ലറിനൊപ്പമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്, ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാരുടെ മാസങ്ങളുടെ അധ്വാനമാണ്, എങ്കിലും കോംപ്രമൈസുകൾ ഇല്ലാതെ മനസിൽ കണ്ട സിനിമ തന്നെയാണ് സ്ക്രീനിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്, അതിൽ നിന്ന് അണുവിട മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമ പുറത്തു വന്ന ശേഷം പൊളിറ്റിക്കൽ കറക്റ്റ്നസും, സിനിമയിലെ ഓരോ വരികളും ചർച്ച ചെയ്യപ്പെട്ടേക്കാം. ആ ചർച്ചകൾക്കും, അതിലൂടെ വരുന്ന അഭിപ്രായങ്ങൾക്കും, വിമർശനങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ്, ജിഷ്‌ണു കൂട്ടിച്ചേർത്തു.

കാണാൻ കാത്തിരുന്ന വളരെ വ്യത്യസ്തമായ ഒരു നായക വേഷത്തിലൂടെ ലുക്മാൻ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ സുധി കോപ്പ മറ്റൊരു സുപ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ‘നോ മാൻസ് ലാൻഡി’ ൽ നിറഞ്ഞു നിൽക്കുന്ന നായികാ കഥാപാത്രം ചെയ്തിരിക്കുന്നത് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ശ്രീജാ ദാസാണ്.  രാത്രിയുടെ വന്യതയും, നിഗൂഡതയും ക്യാമറാ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പവി കെ പവനാണ്.

വ്യത്യസ്തമായ ഒരു പ്രമേയത്തെ പുതുമയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പീരുമേട് പശ്ചാത്തലമാകുന്നു. ആറ് ഗാനങ്ങൾ നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇംഗ്ലീഷ് ഗാനങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷെഫിൻ മായന്റെ കഠിനാധ്വാനം സൗണ്ട് ഡിസൈനിൽ പ്രതിഫലിക്കുന്ന ഈ ചിത്രത്തിന് ജീവൻ നല്കുന്ന ശബ്ദം, അതിന് ചേർന്ന ഒരു പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തണമെന്ന സംവിധായകന്റെ നിർബന്ധം ഒടുവിൽ പൂവണിയുന്നത് ആമസോൺ പ്രൈമിലൂടെയാണ്. നവംബർ ആദ്യ വാരത്തോടെ ആമസോൺ പ്രൈമിൽ റിലീസിന് എത്തുന്നു.

Top