വീണ്ടും സിനിമാ തര്‍ക്കം; ബാഹുബലി അടക്കം സിനിമകള്‍ പിന്‍വലിച്ചു; മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് പിന്‍വലിക്കല്‍

കൊച്ചി: സംസ്ഥാനത്ത വീണ്ടും സിനിമാ തര്‍ക്കം. തീയറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിതരണക്കാര്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് പിന്‍വലിച്ചു. തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈയാഴ്ച റിലീസ് ചെയ്ത പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല. തിയറ്റര്‍ വിഹിതത്തില്‍ വര്‍ധന വേണമെന്ന നിലപാടു സ്വീകരിച്ചിട്ടുള്ള പിവിആര്‍, െഎനോക്‌സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് ബാഹുബലി ഉള്‍പ്പടെയുള്ള സിനിമകള്‍ പിന്‍വലിച്ചത്.

സിനിമകള്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ആഴ്ച വരുമാനത്തിന്റെ 65 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 35 ശതമാനം തിയറ്ററുകാര്‍ക്കും എന്നതാണ് വ്യവസ്ഥ. എന്നാല്‍, മള്‍ട്ടിപ്ലക്‌സുകളില്‍ ഇതു നേരെ തിരിച്ചാണ്. വരുമാനത്തിന്റെ 65 ശതമാനം മള്‍ട്ടിപ്ലക്‌സുകാര്‍ക്കു ലഭിക്കുമ്പോള്‍, 35 ശതമാനമാണ് നിര്‍മാതാക്കളുടെ വിഹിതം. ഇതു നിര്‍ത്തലാക്കണമെന്നും മറ്റു തിയറ്ററുകാര്‍ക്ക് നല്‍കുന്ന വിഹിതം മാത്രമേ മള്‍ട്ടിപ്ലക്‌സുകള്‍ക്കും നല്‍കാനാകൂ എന്നതാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. മള്‍ട്ടിപ്ലക്‌സുകളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ മറ്റു തിയറ്ററുകളിലുമുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെ എതിര്‍ത്ത് മള്‍ട്ടിപ്ലക്‌സുകളും രംഗത്തെത്തിയതോടെയാണ് ഇവര്‍ക്ക് സിനിമ നല്‍കുന്നത് നിര്‍ത്താന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. അതേസമയം, പ്രശ്‌നപരിഹാരത്തിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. നേരത്തെ ഇതേ പ്രശ്‌നത്തെച്ചൊല്ലി മള്‍ട്ടിപ്ലക്‌സുകളില്‍ പുതിയ മലയാള സിനിമകളുെട റിലീസ് മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സിനിമകളായ ഗോദ, അച്ചായന്‍സ് എന്നിവ കൊച്ചിയിലും തൃശൂരുമുള്ള പന്ത്രണ്ടോളം മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

മുന്‍പ് തിയറ്റര്‍ വിഹിതത്തെച്ചൊല്ലി എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായിരുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നിര്‍മാതാക്കളും വിതരണക്കാരുമായുണ്ടായ തര്‍ക്കം സിനിമാ സമരത്തിലെത്തിയിരുന്നു. ഇത് ചിത്രങ്ങളുടെ ക്രിസ്മസ് റിലീസിനെ ബാധിക്കുകയും സിനിമാവ്യവസായത്തെത്തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍വന്നതോടെയാണ് സമരം അവസാനിച്ചത്.

Top