‘ആദ്യ ഡിജിറ്റല്‍ ഗ്രാമം’ മോദി സര്‍ക്കാര്‍ പൂട്ടിക്കെട്ടി; താഴ് വീണത് ഫേസ്ബുക്ക് സന്ദര്‍ശിച്ച ഗ്രാമത്തിലെ പദ്ധതി

ന്യൂഡല്‍ഹി: വായ തുറന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പ്രത്യേകിച്ചും നോട്ട് നിരോധനത്തിന് ശേഷം. എന്നാല്‍ ഡിജിറ്റലായിക്കൊണ്ടിരുന്ന ഒരു ഗ്രാമത്തെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിക്കെട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതും ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമത്തിന്. ന്യൂഡല്‍ഹിയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ രാജസ്ഥാനിലുള്ള അല്‍വാര്‍ ഗ്രാമത്തിലെ ഡിജിറ്റല്‍ ഗ്രാമമെന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തടയിട്ടത്. ഗ്രാമം സന്ദര്‍ശിച്ച ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയ കുട്ടികളുടെ ഡിജിറ്റലാവാനുള്ള ആഗ്രഹവും ഇതോടെ അവസാനിച്ചു.

2014 ഫെബ്രുവരിയില്‍ അല്‍വാറിലെ ചന്ദോലിയിലാണ് മൈനോരിറ്റി സൈബര്‍ ഗ്രാം എന്ന പദ്ധതിക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ടത്. 70 ശതമാനവും മുസ്‌ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമവാസികള്‍ക്ക് ഇന്റര്‍നെറ്റില്‍ പ്രയോഗിക ജ്ഞാനം നല്‍കുകയെന്നതായിരുന്നു ലക്ഷ്യം. ഒക്‌ടോബറില്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഗ്രാമം സന്ദര്‍ശിച്ചു. എന്നാല്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മോദി സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനക്കായിരുന്നു ഈ പദ്ധതിയുടെ ചുമതല. രാജീവ് ഗാന്ധി സേവ എന്ന കേന്ദ്രത്തിലായിരുന്നു പദ്ധതി നടന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അടല്‍ സേവ കേന്ദ്ര എന്ന് പുനര്‍ നാമകരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ഫെബ്രുവരിയില്‍ കെട്ടിടം ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ റീജണല്‍ മാനേജര്‍ യൂസുഫ് ഖാന്‍ പറഞ്ഞു. പിന്നീട് ഒരു വര്‍ഷം കൂടി വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ പദ്ധതി നടന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പദ്ധതി നിലക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ അനധികൃതമായി ലീവെടുക്കുന്നത് ഗ്രാമത്തിലെ കുട്ടികള്‍ ജില്ലാ കളക്ടറെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചതെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

ഡിജിറ്റല്‍ ഗ്രാമം പദ്ധതിയുടെ ഒഫീസ് അടച്ചുപൂട്ടിയെന്നും സക്കര്‍ ബര്‍ഗിനെ കണ്ടശേഷം തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ ഇല്ലാതായെന്നും മാത്രം ഇപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ തിരിച്ചറിയുന്നു. ഒരുനാള്‍ തങ്ങളുടെ ഗ്രാമം സോഫ്റ്റ്‌വെയറുകളും വെബ്‌സൈറ്റുകളും നിര്‍മിക്കുമെന്ന സ്വപ്നമാണ് ഇതോടെ തകര്‍ന്നതെന്ന് ഹസ്‌റത്ത് സഫ്‌വാന്‍ എന്ന വിദ്യാര്‍ഥി പറയുന്നു.

ഗൂഗിളില്‍ തെരഞ്ഞ് വാര്‍ത്തകള്‍ വായിച്ചതും അത് വീട്ടുകാര്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നതും ഓര്‍മിച്ച എട്ടാം ക്ലാസുകാരിയായ യസ്മീന്‍ സിദ്ദീഖി വിഷമത്തോടെയാണ് ഓഫീസ് അടച്ചു പൂട്ടിയതിനെ കുറിച്ച് വിശദീകരിക്കുന്നത്. കുട്ടികള്‍ മാത്രമല്ല, 50 വയസുകാരിയായ ഭഗവതി ദേവിയും കമ്പ്യൂട്ടര്‍ പഠിക്കാന്‍ കേന്ദ്രത്തില്‍ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നു. കേന്ദ്രം അടച്ചുപൂട്ടിയത് വളരെ നഷ്ടമാണെന്നാണ് അവര്‍ പറയുന്നത്.

Top