തിരുവനന്തപുരം: രാജ്യസ്‌നേഹം വളര്‍ത്താന്‍ ദേശീയപതാക കെട്ടിയാല്‍ മതി.കണ്ടുപിടുത്തം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേത്.ജെ.എന്‍.യു വിവാദത്തില്‍ കാര്യമായി ഇടപെട്ടില്ലെങ്കിലും സര്‍വകലാശാലാ വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനുള്ള പുതിയ തന്ത്രവുമായി മനുഷ്യവിഭവശേഷി മന്ത്രാലയം രംഗത്തെത്തി. എല്ലാ സര്‍വകലാശാലകളുടെയും കണ്ണായ സ്ഥലത്ത് ദേശീയ പതാക സ്ഥാപിക്കണമെന്നാണ് മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശം.
വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെ വി സി സുനൈന സിങ്ങാണ് ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി അത് പ്രഖ്യാപിക്കുകയുംചെയ്തു. പ്രമേയത്തെ 39 വൈസ് ചാന്‍സലര്‍മാര്‍ അംഗീകരിച്ചു.
എന്നാല്‍, കേരളത്തില്‍നിന്നുള്ള ഒരു വിസി മാത്രം ഇതിനോട് എതിരഭിപ്രായം രേഖപ്പെടുത്തിയതായി സൂചനയുണ്ട്. ദേശീയ പതാക സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത് അനൗചിത്യമാണെന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇപ്പോള്‍ത്തന്നെ സര്‍വകലാശാല മന്ദിരങ്ങളില്‍ പതാക സ്ഥാപിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
207 അടി ഉയരമുള്ള കൊടിമരത്തില്‍വേണം പതാക സ്ഥാപിക്കാനെന്ന് ആദ്യം നിര്‍ദേശമുണ്ടായിരുന്നതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും ഇല്ലെന്നും പതാക സ്ഥാപിച്ചാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശമെന്നും വി സി.മാര്‍ പറഞ്ഞു. രാഷ്ട്രവിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തത് സംബന്ധിച്ച് സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ 46 കേന്ദ്ര സര്‍വകലാശാലകളിലും ഇത്തരത്തില്‍ പതാക സ്ഥാപിക്കും. ജെഎന്‍യുവില്‍ ആയിരിക്കും ആദ്യ പതാക സ്ഥാപിക്കുകയെന്ന് മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തില്‍ പന്ത്രണ്ട് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍വകലാശാലകളില്‍ സ്ഥിരമായി പതാകകള്‍ സ്ഥാപിക്കണമെന്നാണ് ഇതില്‍ ഒമ്പതാം പ്രമേയം.