പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളായവര്‍ പോലീസ് ടെസ്റ്റിന്റെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. പ്രതികള്‍ക്ക് ഔദ്യോഗിക തലത്തില്‍ സഹായം ലഭിച്ചിരിക്കാമെന്ന സംശയം ബലപ്പെടുകയാണ്. പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും അനുകൂലിച്ച് പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ വാട്ട്സാപ്പ് പോസ്റ്റ് വന്നു.

ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിആര്‍ ബിജുവാണ് മെസേജ് അയച്ചത്. ഗ്രേസ് മാര്‍ക്ക് കിട്ടിയ ഒന്നിലധികം പേര്‍ ഒന്നാം സ്ഥാനത്ത് വന്നത് സ്വാഭാവികം മാത്രമെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.

അതേസമയം, കേരള പൊലീസ് ഏഴാം ബറ്റാലിയനിലെ നിയമനങ്ങള്‍ക്ക് വേണ്ടി പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് താത്കാലിക സ്റ്റേ. ശാരീരിക ക്ഷമത പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് 10 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ തുടര്‍ന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് വിധി.

തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കണം ലിസ്റ്റിലെ നിയമനമെന്നും ഉത്തരവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റാണിത്. എന്നാല്‍ കോളേജിലെ സംഭവം ഉണ്ടാകുന്നതിന് മുമ്പ് ജൂലായ് അഞ്ചിനാണ് ട്രൈബൂണല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവതരമാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിള്ള പറഞ്ഞു. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കേണ്ടത് അതത് സെന്ററുകളില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ അടുത്തിടെ നടന്ന പരീക്ഷകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍ എന്നിവര്‍ മൊഴി നല്‍കി. അഖിലിനെ മര്‍ദ്ദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശിവരഞ്ജിത്ത് കുത്തുമെന്ന് കരുതിയില്ല. ക്‌ളാസില്‍ കയറുന്നതു സംബന്ധിച്ച് അഖിലുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. പിന്നീടാണ് പാട്ടു പാടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇതാണ് സംഘര്‍ഷത്തിലെത്തിയതെന്നും മൂവരും കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി.

അഖിലിനെ കുത്തിയത് താന്‍ തന്നെയാണെന്ന് ശിവരഞ്ജിത്തും മൊഴി നല്‍കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അനിശ്ചിതകാലത്തേക്കാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Top