തിരുവനന്തപുരം: മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫ്‌ലാഷ് മോബ് നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഫ്ളാഷ് മോബ്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തട്ടമിട്ട വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘മതതീവ്ര ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.എഫ്.ഐ സൗഹൃദ കൂട്ടായ്മയും ഫ്ളാഷ് മോബും സംഘടിപ്പിച്ചത്.
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ നടത്തിയ ഫ്ളാഷ് മോബിനെതിരെയാണ് അശ്ലീല പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ വലിയ പിന്തുണയും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചു.
സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.