യൂണിവേഴ്സിറ്റി കോളേജിലെ സുരക്ഷാക്രമീകരണങ്ങള്‍ പാളുന്നു; പെൺകുട്ടിക്ക് നേരെ എസ് എഫ് ഐ ആക്രമണം

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജിൽ ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ വീണ്ടും പാളുന്നു. ഇത്തവണ പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് എസ്.എഫ്.ഐ. പ്രവർത്തകനെ കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാര്‍ഥിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും കോളേജ് പ്രിൻസിപ്പല്‍ സി.സി.ബാബുവിന്‍റെ നിർദേശപ്രകാരം രഹസ്യമാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രിൻസിപ്പൽ ഇതുവരെ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച ഉച്ചയ്ക്ക് കോളേജിലെ ചരിത്രവിഭാഗത്തിലാണ് സംഭവം. പ്രിൻസിപ്പലിന്‍റെ റൂമിന് എതിർവശത്തെ ബ്ലോക്കിലായിരുന്നു സംഭവം. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് കൈയിൽ രാഖി കെട്ടി കോളേജില്‍ എത്തിയത്. ഇതില്‍ രോഷം പൂണ്ട എസ്.എഫ്.ഐ. നേതാക്കള്‍ സംഘടിച്ചെത്തി പി.ജി. ക്ലാസിൽ കയറി ബഹളമുണ്ടാക്കുകയായിരുന്നു. ആദ്യം വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെങ്കിലും നേതാക്കളുടെ ഭീഷണിക്ക് പെൺകുട്ടി വഴങ്ങാഞ്ഞതിനെ തുടര്‍ന്ന് അവര്‍ ക്ലാസ് റൂമിന്‍റെ ജനൽ ചില്ല തകര്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് അധ്യാപകരെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥിനി സ്വയം രാഖി അഴിച്ചുമാറ്റുകയും ചെയ്തു. പിന്നീട് ഭീഷണിമുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. വിദ്യാർഥിനി പരാതിയിൽ ഉറച്ചുനിന്നതോടെ സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാക്കള്‍ പ്രവര്‍ത്തകനായ അഖിലിനെ കുത്തി വീഴ്ത്തിയതിനെ തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പ്രതികള്‍ തട്ടിപ്പിലൂടെ പിഎസ്സി റാങ്ക് ജേതാക്കളായവരെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്‍റെ പേരിൽ മുൻ വിദ്യാര്‍ഥിനി നിഖില കോളേജില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾക്കെതിരെ ​ഗുരുതര ആരോപണങ്ങൾ നിഖില ഉന്നയിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, കെ എസ് യു യൂണിറ്റുകള്‍ രൂപീകരിച്ചിരുന്നു.

Top