ക്രിസ്തു ചിരിക്കട്ടെ… കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഏറെ ചിന്തിപ്പിച്ച് ഒരു വൈദികന്റെ വൈറലായ പോസ്റ്റ്

കോട്ടയം:കെകെ സുഭാഷിന്‍റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണില്‍ വിവാദം കനക്കുകയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ വൈറലായിരിക്കുന്നത്. കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്ന പ്രചാരമാണ് വൈദികന്‍ പൊളിച്ചടുക്കുന്നത്. പഞ്ചാബിലെ ബര്‍ണാലയില്‍ സേവനം ചെയ്യുന്ന മിഷണറീസ് സൊസൈറ്റി ഓഫ് സെന്റ്.തോമസ് ദ അപൊസ്റ്റെല്‍ (എം.എസ്.ടി) സഭാ വൈദികനായ ഫാ.ജോസ് വള്ളിക്കാട്ട് ആണ് ചിരിക്കും ഏറെ ചിന്തയ്ക്കും വഴിതുറക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.കാര്‍ട്ടൂണിന്റെ പേരില്‍ വികാരം വ്രണപ്പെട്ടുവെങ്കില്‍ സത്യത്തില്‍ വ്രണമുണ്ടാകേണ്ടത് പോലീസിനും സി.പി.എമ്മിനുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി എകെ ബാലന്‍.എന്നാല്‍ കാര്‍ട്ടൂണ്‍ വിവാദത്തല്‍ വ്യത്യസ്ത കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്  വൈദികന്‍. വിശ്വാസികള്‍ക്ക് വ്രണമുണ്ടാകാന്‍ ക്രിസ്തുവിന്റെ ഏതു ദര്‍ശനത്തെയാണ് കാര്‍ട്ടൂണ്‍ കളിയാക്കുന്നതെന്നും സഭയുടെ ഏതു കാര്യത്തെയാണ് അധിക്ഷേപിച്ചിരിക്കുന്നതെന്നും എത്ര ആലോചിപ്പിച്ചും പിടികിട്ടുന്നില്ലെന്ന് ഫാ.ജോസ് വള്ളിക്കാട്ട് ഫേസ്ബുക്കില്‍ കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സത്യത്തില്‍ വ്രണം ഉണ്ടാകേണ്ടത് പോലീസിനായിരുന്നു, തൊപ്പിക്കു മുകളിലാണല്ലോ എല്ലാം നടക്കുന്നത്.സി പി എമ്മിനും വ്രണമുണ്ടാകേണ്ടിയിരുന്നു, വലിയൊരു കോഴിയെ അത്ര ചെറുതല്ലാത്ത വിധം ഒതുക്കി നിര്‍ത്തിയിട്ടുണ്ടല്ലോ.അഭിനവ നായര്‍ക്ക് വ്രണം ഉണ്ടാവാന്‍ സാധ്യതയില്ല, അയാളുടെ വായോളം വ്രണം വേറെന്തങ്കിലും ഉണ്ടോ? വ്രണപ്പെട്ടാല്‍ തന്നെ പിന്‍വലിപ്പിക്കാന്‍ ഒന്നും അങ്ങേരു മുതിരത്തില്ല, മടിയില്‍ ഒളിപ്പിച്ചിട്ടുള്ള വെടികോപ്പെടുത് അങ്ങ പെരുമാറത്തെ ഉള്ളൂ.

പിന്നിപ്പം വിശ്വാസികള്‍ക്കാര്‍ക്കെങ്കിലും വ്രണപ്പെട്ടോ എന്ന് എനിക്ക് അറിയില്ല. അവര്‍ക്ക് വ്രണപ്പെടാന്‍ ക്രിസ്തുവിന്റെ ഏതു ദര്‍ശനത്തെയാണ് കളിയാക്കിയിരിക്കുന്നത്? സഭയുടെ ഏതു കാര്യത്തെയാണ് ആക്ഷേപിച്ചിരിക്കുന്നത്?
എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലല്ലോ കീവര്‍ഗീസ് പുണ്യാള! മാമോദീസ വെള്ളം തലേല്‍ വീഴുമ്പോ ബുദ്ധി മരവിക്കുമെന്നോ, ഇല്ലെങ്കില്‍ സ്വയം ബുദ്ധിഹീനനാകണം എന്നോ ഏത് വേദോപദേശ പുസ്തകത്തിലാണ് എഴുതിയിരിക്കുന്നത് എന്ന് എത്ര പരതിയിട്ടും കിട്ടിയില്ല ന്റെ ഗവറിയേല്‍ മാലാകേ.സെമിനാരിയില്‍ സാഹിത്യ സമാജത്തിനു തമാശ പരിപാടികളില്‍ ഏറ്റവും വിജയിച്ചിരുന്നത് അധ്യാപകരായ വൈദികരെ കളിയാക്കുമ്പോഴായിരുന്നു. വളരെ നര്‍മ്മത്തോടെ കളിയാക്കിയ ഒരു വൈദിക അധ്യാപകന്‍ പിന്നീട് എന്നും അദ്ദേഹത്തിന്റെ വിഷയത്തില്‍ മാര്‍ക്ക് കുറച്ചേ തരുമായിരുന്നുള്ളൂ. എന്നിട്ടും നാം അച്ചനായി.

താന്‍ ആഗ്രഹിച്ച പ്രവര്‍ത്തികള്‍ ശിഷ്യര്‍ ചെയ്യുന്നു എന്ന് കണ്ടു സന്തോഷിക്കുന്ന -ചിരിക്കുന്ന- ക്രിസ്തുവിനെ ലൂക്ക സുവിശേഷകന്‍ വരച്ചിടുന്നുണ്ട് (ലൂക്ക 10:21). ചിരിക്കുന്ന ക്രിസ്തു സുവിശേഷങ്ങളില്‍ നിന്നും സഭയില്‍ നിന്നും ഇറങ്ങി പോയിരിക്കുന്നു. ഇപ്പോ ഉള്ള ക്രിസ്തു മുഖപേശികള്‍ വലിച്ചു പിടിച്ചു ഗൗരവം വിടാതെ എന്റെ സഭയില്‍ ആരും മിണ്ടരുത് എന്ന് ആക്രോശിക്കുന്നു.ഇതിപ്പം മൂന്നോ നാലോ അധികാര വരാഹങ്ങള്‍ക്ക് നൊന്തതിനാല്‍ ലോകത്തിന്റെ വ്രണം മുഴുവന്‍ സ്വയം ഏറ്റെടുത്തു ലോകസമക്ഷം പുഴുപ്പിച്ചു മണപ്പിച്ചു ജറീക്കോയിലേക്കുള്ള പാതയില്‍ കിടപ്പാണ്… ഏതെങ്കിലും ശമരായന്‍ വരണം ക്ഷമയുടെയും, സ്‌നേഹത്തിന്റെയും, കരുണയുടെയും എളിമയുടെയും വീഞ്ഞും എണ്ണയും വെച്ച് കെട്ടി ആ വ്രണം ഒന്നുണക്കാന്‍…

Top