ഇന്‍ഫോപാര്‍ക്കിലെ വടയില്‍ അട്ട; സാന്‍വിച്ചില്‍ ബാന്‍ഡേജ്; പരിശോധനയില്‍ പൂട്ടുവീണത് 14ഹോട്ടലുകള്‍ക്ക്

food

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലായി ഇന്‍ഫോപാര്‍ക്കിലും പരിസരങ്ങളിലുമായി ഭക്ഷണത്തെ ചൊല്ലി പല പ്രശ്‌നങ്ങളും നടന്നു. വടയ്ക്കുള്ളില്‍ നിന്ന് കിട്ടിയ അട്ടയും സാന്‍വിച്ചില്‍ നിന്ന് കിട്ടിയ ബാന്‍ഡേജുമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. വാര്‍ത്ത പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയും നടന്നു.

തുടര്‍ന്ന് പൂട്ടുവീണത് 14ഹോട്ടലുകള്‍ക്കാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ 14 റെസ്റ്റോറന്റുകളാണു പ്രശ്നക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്. വടയ്ക്കുള്ളില്‍ അട്ടയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ സ്നേഹ കാറ്ററേഴ്സും സാന്‍വിച്ചില്‍ നിന്നു ബാന്‍ഡേജ് കണ്ടെത്തിയ സംഭവത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിള കാറ്ററിങ് സര്‍വീസുമുള്‍പ്പെടെയുള്ളവയ്ക്കാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പിടിവീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവയ്ക്കു പുറമെ നീതുസ് കാറ്ററിങ്, കെപിഎച്ച്ജി ഗ്ലോബല്‍ സര്‍വീസസ്, സ്പൈസ് ഗാര്‍ഡന്‍, ചാനല്‍ ഫുഡ്സ്, കരിമീന്‍ റെസ്റ്റോറന്റ്, സബ്വേ, ജ്യൂസ് വേള്‍ഡ്, റെഡ് ബബ്ബിള്‍, ടേസ്റ്റ് അറ്റ് ടാമറിന്‍സ്, കാലിക്കറ്റ് പാരഗണ്‍ കഫറ്റേറിയ, ചില്ലീസ് കാറ്ററിങ്, കാര്‍ണിവല്‍ ഫുഡ്കോര്‍ട്ട് എന്നിവയാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങിയത്. വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി എസ് ധനരാജ് നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയത്. സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും പിഴ അടയ്ക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തുവെന്നും തൃക്കാക്കര സര്‍ക്കിള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ മോള്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്നും പാചകം ചെയ്യുന്ന എണ്ണയുടെ വിവരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമമൊന്നും ഭക്ഷ്യസുരക്ഷ നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മറുപടിയില്‍ സൂചിപ്പിക്കുന്നു.

കാക്കാനാട് ഇന്‍ഫോപാര്‍ക്കിനുള്ളിലെ ഭക്ഷണശാലകളില്‍ ഗുണ നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതില്‍ പ്രതിഷേധവുമായി ടെക്കികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലും ഇവര്‍ പ്രതിഷേധക്കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരുന്നു. ടെക്കികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ പ്രൊഗ്രസ്സീവ് ടെക്കീസില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും ഭക്ഷണത്തിന്റെ ഗണനിലവാരം ഉറപ്പിക്കാന്‍ അധികൃതര്‍ ഇടപെടാത്തതിലാണ് ടെക്കികളുടെ പ്രതിഷേധം ഉയര്‍ന്നത്.

ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന നിള ഫുഡ് കോര്‍ട്ടില്‍ നിന്നാണ് ടെക്കികളിലൊരാള്‍ക്ക് സാന്‍വിച്ചില്‍ നിന്നും ബാന്‍ഡേജ് കിട്ടിയത്. ജൂലൈ 26നായിരുന്നു സംഭവം. ഒരാഴ്ചയ്ക്കു ശേഷമാണ് തപസ്യ കെട്ടിടത്തിലെ സ്‌നേഹ കാറ്ററേഴ്‌സ് എന്ന ഹോട്ടലില്‍ നിന്നും ലഭിച്ച വടയില്‍ തേരട്ടയെ കണ്ടെത്തിയത്. ഈ ഹോട്ടലില്‍ വിളമ്പിയ മസാല ദോശയില്‍ വാഷിങ് മെഷ് കണ്ടെത്തിയെന്ന ആരോപണവുമുണ്ട്. നേരത്തെ മറ്റൊരു ഹോട്ടലില്‍ നിന്ന് ഇലയടയില്‍ നിന്നും പാറ്റ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്കില്‍ ഏതാണ്ട് 25,000ത്തോളം ടെക്കികളാണ് വിവിധ കമ്പനികളിലായി തൊഴിലെടുക്കുന്നത്. ഭക്ഷണത്തിനായി ഇന്‍ഫോപാര്‍ക്കിനുള്ളിലെ ഹോട്ടലുകളും റസ്റ്ററന്റുകളും ഹോട്ടലുകളുമാണ് ഇവരുടെ പ്രധാനആശ്രയം. ഇന്‍ഫോപാര്‍ക്കില്‍ കുറച്ചു ഭക്ഷണശാലകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഹോട്ടലുകളില്‍ വന്‍ നിരക്കാണ് ഈടാക്കുന്നത്. എന്നാല്‍ വാങ്ങുന്ന പണത്തിന് അനുസരിച്ച് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ ഹോട്ടലുകള്‍ തയ്യാറാകുന്നില്ലെന്നാണ് ടെക്കികളുടെ പരാതി. വില കൂടുതലാണെങ്കിലും ആ വിലക്ക് ഭക്ഷണം വാങ്ങി കഴിക്കാന്‍ തയ്യാറാണ്. എന്നിട്ടും ഭക്ഷണത്തിന്റെ ഗുണനിലാവരം ഉറപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ ഭക്ഷണശാലകളുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ തുറന്നുകാട്ടി ആരോഗ്യ മന്ത്രി കെ. കെ. ശൈലജയ്ക്കു ഫേസ്ബുക്ക് കൂട്ടായ്മ പരാതി നല്‍കിയിരുന്നു.

Top