സ്ത്രീകളുടെ കാല് കഴുകാതെ വൃത്തികെട്ട പാരമ്പര്യത്തില്‍ ഉറച്ച് സീറോ മലബാര്‍സഭ; അവഗണിക്കുന്നത് എല്ലാപേരെയും പരിഗണിക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം

കേരളത്തിലെ സീറോ മലബാര്‍ സഭ സ്ത്രീകളെ പടിക്ക് പുറത്താക്കി. സഭയിലെ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണം എന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം പാലിച്ച് ലോകമെങ്ങുമുള്ള സഭകള്‍ കാല്‍കഴുകല്‍ ഉള്‍പ്പടെയുള്ള ശുശ്രൂഷകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാതിനിധ്യവും പങ്കാളിത്തവും നല്‍കുകയാണ്. ഈ അവസരത്തിലാണ് സീറോ മലബാര്‍ സഭ സ്ത്രീകളെ പരിഗണിക്കാതെ മുന്നോട്ട് പോകുന്നത്.

പീഡാനുഭവത്തിന്റെ ഈ വാരത്തില്‍ സ്ത്രീ വിശ്വാസിസമൂഹത്തിന് പെസഹാ ദിനത്തിലെ വേദനയായി ഈ അവഗണന മാറുകയാണ്. മാര്‍പാപ്പയുടെ വിപ്‌ളവകരവും കാലോചിതവും മനുഷ്യത്വപരവുമായ കല്‍പ്പനയെ ഉള്‍ക്കൊള്ളാനോ സ്ത്രീ സമൂഹത്തെ അംഗീകരിക്കാനോ തയാറാകാത്തത് വിവേചനപരമാണെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്നതിന്റെ തെളിവാണിതെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരുമായ ജോസഫ് പുലിക്കുന്നേല്‍ ആരോപിച്ചു. അമ്മമാരുടെയും കുട്ടികളുടെയും കാലുകഴുകുന്നതില്‍ എന്താണ് തെറ്റ്. സ്ത്രീകളോടുള്ള വിവേചനമാണ് ഇത് കാണിക്കുന്നത്. സഭയ്ക്കുള്ളില്‍നിന്നു തന്നെ ഇതിനെതിരെ വിമര്‍ശനം വരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍പാപ്പയുടെ സന്ദേശം കേരളത്തിലെ സീറോ മലബാര്‍ സഭ അറിഞ്ഞ മട്ടില്ല. 2016 ജനുവരിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച കല്‍പ്പന പുറപ്പെടുവിച്ചത്. പെസഹാ വ്യാഴാഴ്ച്ചയിലെ കാല്‍കഴുകല്‍ ചടങ്ങില്‍ സ്ത്രീകളെയും യുവതികളെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു മാര്‍പാപ്പയുടെ കല്‍പ്പന. ഇതാണ് സീറോ മലബാര്‍ സഭ നടപ്പാക്കാന്‍ വിമുഖത കാട്ടുന്നത്.

കത്തോലിക്കാസഭയിലെ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്ത്രീകളുടെ കാല്‍കഴുകി ചുംബിച്ചത് ലോകം സ്തുതികളോടെ ഏറ്റവാങ്ങിയ ഒന്നാണ്. ഇതിനുപുറമേ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അന്ത്യ അത്താഴത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരുടെ കാല്‍കഴുകിയിരുന്നു. ഈ എളിമയുടെയും സഹനത്തിന്റെയും പാതയുടെ സ്മരണ നിലനിര്‍ത്താനും ഓര്‍മപുതുക്കാനുമാണ് ദേവാലയങ്ങളില്‍ പെസഹാ വ്യാഴാഴ്ച്ച കാല്‍കഴുകല്‍ച്ചടങ്ങു നടത്തുന്നത്.

സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ത്രീകളുടെയും കുട്ടികളുടെയും കാല്‍കഴുകി പുതിയ മാറ്റം ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. മാര്‍പാപ്പയുടെ ആഹ്വാനം ശിരസാ വഹിച്ച് കേരളത്തിലും ലത്തീന്‍ സഭാ വിശ്വാസികളായ സ്ത്രീകളുടെ കാല്‍കഴുകല്‍ ആഘോഷമായി തന്നെ നടത്തുകയും ചെയ്തു. സ്ത്രീകള്‍ക്ക് സഭയില്‍ വലിയ അംഗീകാരവും പദവിയും മാന്യതയും നേടിക്കൊടുത്ത ചടങ്ങായി ഇതു മാറുകയും ചെയ്തു. എന്നാല്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ ആലോചിക്കാമെന്നുമായിരുന്നു സീറോ മലബാര്‍ സഭാനേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ പിന്നീട അത് തിരുത്തി. ഈ രീതി പൗരസ്ത്യപാരമ്പര്യമല്ലെന്നും അതിനാല്‍ ഇത്തരം ശുശ്രൂഷ അനിവാര്യമല്ലെന്നുമാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഉദയം പേരൂര്‍ സുന്നഹദോസോടെ കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളില്‍ ഭൂരിഭാഗവും കത്തോലിക്കരായി തീര്‍ന്നുവെന്ന സത്യം അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ പൗരസ്ത്യ, കല്‍ദായ പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാര്‍ സഭ മാര്‍പാപ്പയുടെ കല്‍പ്പന പിന്തുടരാത്തത് ആഗോള കത്തോലിക്കാ വിശ്വാസധാരയ്ക്കു തന്നെ എതിരാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാര്‍പാപ്പയുടെ കല്‍പ്പനയും ഇവിടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് പരാതിയുണ്ട്.

കേരളത്തിലെ പള്ളികളില്‍ പതിവുരീതിയനുസരിച്ചുള്ള കാല്‍കഴുകല്‍ ശുശ്രൂഷ മതിയെന്ന് കഴിഞ്ഞ ആഴ്ച്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. ഇതോടെയാണ് സഭ മാര്‍പാപ്പയുടെ തീരുമാനം നടപ്പാക്കുന്നില്ലെന്ന് വ്യക്തമായത്. പുതിയ കല്‍പ്പനയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ നടപ്പ് രീതി തുടരുമെന്ന് മാത്രമാണ് ലേഖനം. കൊട്ടിയൂര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കുമ്പസാരത്തിന്റെ ചട്ടക്കൂട് പരിഷ്‌ക്കരിക്കണമെന്നും സ്ത്രീകളെ കന്യാസ്ത്രീകള്‍ വേണം കുമ്പസരിപ്പിക്കാനെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇത് സഭാനേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സ്ത്രീകളുടെ കാല്‍കഴുല്‍ സംബന്ധിച്ച കല്‍പ്പന പോലും വെള്ളം ചേര്‍ത്ത സഭ ഇതിന് തയാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്.

ബിഷപ്പ് സിനഡ് തീരുമാനമാണു കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് സഭാ മുന്‍വക്താവും സത്യദീപം മാസികയുടെ എഡിറ്ററുമായ ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. ഈ തീരുമാനത്തെ താനും അംഗീകരിക്കുന്നു. കേരളത്തില്‍ തുടര്‍ന്നുവന്ന പാരമ്പര്യം പിന്തുടരാനാണ് തീരുമാനം. എന്നാല്‍ മാര്‍പാപ്പ പറഞ്ഞ മാനവികത ഉയര്‍ത്തിപ്പിടിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പൗരസ്ത്യ പാരമ്പര്യമെന്നത് കേരളത്തിലെ സീറോ മലബാര്‍ സഭ ഇതുവരെ പുലര്‍ത്തിയിട്ടില്ലെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നു. സീറോ മലബാര്‍ സഭയില്‍ ഓരോ രൂപതയും കുര്‍ബാനക്രമം പോലും വ്യത്യസ്തമാണ്. അതിനാല്‍ പാരമ്പര്യത്തെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. നേരത്തെ വൈകുന്നേരമാണ് കാലുകഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നത്. ഇന്നു രാവിലെയാണ് നടക്കുന്നത്. അതിനാല്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ല. അതിനാല്‍ ആ വാദത്തില്‍ അര്‍ഥമില്ലെന്നും ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു.

Top