ക്രിസ്ത്യാനികളെ ചതിച്ചു !നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെവര്‍ഗ്ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നു

വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗ്ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുമ്പോള്‍ ന്യായീകരണമല്ല, തിരുത്തലുകളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും വായിച്ചു പഠിക്കാന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയും തയ്യാറാകണം. 2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും 80:20 അനുപാതമില്ല. അതേസമയം ബംഗാള്‍, ബീഹാര്‍ ഉള്‍പ്പെടെ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലീം പിന്നോക്കാവസ്ഥ മാത്രമാണ് ഈ പഠനത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നുമുണ്ട്. സച്ചാര്‍ കമ്മിറ്റി പഠനംനടത്തിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സാമൂഹ്യ വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ന്ന നിലവാരത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ന്യായീകരണം അംഗീകരിക്കാനാവില്ല. തൊട്ടടുത്ത് തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ക്രൈസ്തവ ക്ഷേമപദ്ധതികള്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടിനെയും അടിസ്ഥാനപ്പെടുത്തിയല്ല; മറിച്ച്, ഭരണത്തിലിരിക്കുന്നവരുടെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും മാത്രമാണ് ഈ സംസ്ഥാനങ്ങളിലെ നിരവധിയായ ക്രൈസ്തവ ന്യൂനപക്ഷപദ്ധതികള്‍ക്ക് പിന്നിലുള്ളത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 9 (കെ)യില്‍ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വേണമെന്ന് സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിനെതിരെയുള്ള 2021 ജനുവരി 7ലെ കോടതിവിധി ഇപ്പോള്‍ നിലനില്‍ക്കുകയാണ്.

80:20 അനുപാതത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് 2019 ഒക്‌ടോബര്‍ 14ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശരേഖയിലൂടെ പരസ്യമാക്കിയിട്ടുണ്ട്. ക്ഷേമപദ്ധതികളുടെ അടിസ്ഥാനം പിന്നോക്കാവസ്ഥ മാത്രമല്ല വളര്‍ച്ചാനിരക്കിലെ കുറവുമാണ്. ഒന്നരപ്പതിറ്റാണ്ടിനുമുമ്പുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അവസ്ഥയാണോ അതിന്റെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുള്ളതെന്ന് വിലയിരുത്തപ്പെടണം. മതസംവരണവും ക്ഷേമപദ്ധതികളും പിന്നോക്കവകുപ്പിന്റെ ഒബിസി ഗുണഫലങ്ങളും അനുഭവിക്കുന്നതും മദ്രസ നടത്തിപ്പും മതപഠനങ്ങളും മതേതരത്വം മുഖമുദ്രയാക്കിയ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണെന്നുള്ളത് ആരും മറക്കരുത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം സംബന്ധിച്ച് ക്രൈസ്തവര്‍ സംസാരിക്കുന്നത് ഇതര സമുദായങ്ങളോടല്ല; മറിച്ച്, സംസ്ഥാന സര്‍ക്കാരിനോടാണ്. ഇതിന്റെ പേരില്‍ സമുദായ സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും സാഹോദര്യവും തകര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാന കാരണം ന്യൂനക്ഷേമവകുപ്പിന്റെ നീതിനിഷേധവും പ്രവര്‍ത്തനപരാജയവും അവസരവാദവുമാണ്. ചര്‍ച്ചകള്‍ നടത്താമെന്ന വകുപ്പുമന്ത്രിയുടെ അഭ്യര്‍ത്ഥന ഇനിയും മുഖവിലയ്‌ക്കെടുക്കുന്നില്ല. 57 മാസം അധികാരത്തിലിരുന്ന് തുടരുന്ന നീതിനിഷേധം പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള 3 മാസംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്നില്ല.

ഇതരസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പാഠമാക്കി മാറ്റങ്ങള്‍ക്കു തയ്യാറാകുവാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തയ്യാറാകണം. സച്ചാര്‍, പാലൊളി കമ്മറ്റികളെന്നുപറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുവാന്‍ ഇനിയും അനുവദിക്കില്ലന്നും അധികാരത്തിന്റെ മറവില്‍ സമൂഹത്തില്‍ സാമൂദായിക മതഭിന്നത സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

Top