വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം; തെളിവുകള്‍ ഹാജരാക്കാനാകാതെ പോലീസ്

കൊച്ചി: സിറോ മലബാര്‍ സഭയില്‍ കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ പ്രതികളായ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഫാ.പോള്‍ തേലക്കാട്ട്, ഫാ. ആന്റണി (ടോണി) കല്ലൂക്കാരന്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദികര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പരോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോതി നിരീക്ഷിച്ചു. വൈദികര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.

വൈദികര്‍ എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണം. രണ്ട് ആള്‍ജാമ്യവും നല്‍കണം. പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്ന ഐപിസി 468 എന്ന വകുപ്പിന് (വഞ്ചിക്കാനായി വ്യാജരേഖ സൃഷ്ടിച്ചുവെന്ന കുറ്റം) തെളിവില്ലെന്നും അത് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വൈദികരെ ചോദ്യം ചെയ്യാന്‍ പോലീസിന് ഏഴു ദിവസം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇരുവരും സമൂഹത്തില്‍ അറിയപ്പെടുന്നവരും അംഗീകാരമുള്ളവരുമാണ്. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

തങ്ങള്‍ക്കു ലഭിച്ച രേഖകള്‍ മേലധികാരിക്കു കൈമാറുക മാത്രമാണ് ചെയ്തതെന്നും പോലീസ് തങ്ങളെ മനഃപൂര്‍വ്വം കേസില്‍ പെടുത്തുകയാണെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസ് പഠിച്ചുകഴിഞ്ഞില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റി വയ്പ്പിക്കുകയായിരുന്നു.

അതേസമയം, എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഫാ.പോള്‍ തേലക്കാട്ടിന്റെയും ബിഷപ് ജേക്കബ് മനത്തോടത്തിന്റെയും ഹര്‍ജികള്‍ അന്വേഷണത്തിന്റെ ഘട്ടത്തില്‍ പരിഗണിക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. വൈദികര്‍ക്ക് ജാമ്യത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

Top