ബ്ലാസ്‌റ്റേഴ്‌സിലെ ഓഹരി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൈമാറിയ വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്നും അതേസമയം, മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ലെന്നും വിജയന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണെന്നും തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നുമാണ് ഓഹരി കൈമാറിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സച്ചിന്‍ പറഞ്ഞത്.
സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു. ഹൈദരാബാദില്‍ നിന്നുള്ള നിമ്മഗഡ പ്രസാദ്, ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അര്‍ജുന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന്റെ കൈവശമാണ് 80 ശതമാനം ഓഹരിയും. അതേസമയം സച്ചിന്റെ ഇരുപതു ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് വാര്‍ത്ത നിഷേധിച്ചു. 2015 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 29നാണ് ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ യുവ ഭാരതി ക്രിരംഗം സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും.