അക്ഷരാര്‍ത്ഥത്തില്‍ സികെ വിനീത് രക്ഷകനായി അവതരിച്ചു;പൂനെയുടെ നെഞ്ചകം പിളര്‍ത്തിയ വിനീതിന്‍റെ സൂപ്പര്‍ ഗോള്‍

പുനെ: ഐ എസ് എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് ഗംഭീര വിജയം. ഇഞ്ചുറി ടൈമില്‍ മലയാളി താരം സി.കെ വിനീത് നേടിയ ലോകോത്തര ഗോളിലൂടെ പുനെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. 93-ാം മിനുറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.മത്സരം സമനിലയില്‍ കുരുങ്ങുമെന്ന് ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും ഇഞ്ചുറി ടൈമില്‍ സി കെ വിനീത് രക്ഷകനായി അവതരിച്ചു.

വീറോടെ കളിച്ച കൊമ്പന്‍മാര്‍ അര്‍ഹിച്ച വിജയമാണ് പിടിച്ചെടുത്തത്. പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള പുണെസിറ്റിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേ‍ഴ്സ് തകര്‍ത്തത് തരിപ്പണമാക്കിയത്.58ാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. എന്നാല്‍ 78ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ പുണെ ഒപ്പമെത്തി. എമിലാനോ അല്‍ഫാരോയാണ് സമനില ഗോള്‍ നേടിയത്.ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിട്ടിലാണ് സി കെ വിനീത് രക്ഷകനായത്. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റുകളുമായി ബ്ലാസ്റ്റേ‍ഴ്സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. അതേസമയം പരാജയപ്പെട്ടെങ്കിലും പുണെസിറ്റി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Top