കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കും. ബിജെപി നേതൃത്വം ജേക്കബ് തോമസിനെ നേരിട്ടു ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുടയിൽ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എന്‍ഡിഎ മാത്രമേയുള്ളൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻ്റി 20യുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നീക്കം പാളിയതിനു പിന്നാലെയാണ് ബീജെപി ചിഹ്നത്തിൽ മത്സരിക്കുന്ന വിവരം ജേക്കബ് തോമസ് തുറന്നു പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍നിന്ന് ജനവിധി തേടാന്‍ ജേക്കബ് തോമസ് തയാറായിരുന്നു. എന്നാൽ വിആര്‍എസിനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് നിമനിർദേശ പത്രിക സമർപ്പിക്കാനോ മത്സര രംഗത്തിറങ്ങാനോ സാധിച്ചില്ല. എന്നാല്‍ വിരമിച്ചതോടെ ഈ തടസം മാറി. എന്നാല്‍ ഇക്കുറി എന്‍ഡിഎയ്ക്ക് ഒപ്പമാണ് ജേക്കബ് തോമസ്. ബിജെപി നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെടുകയും ചെയ്തു.
ബിജെപിയുടെ നിലപാടുകളെ പിന്തുണച്ച ജേക്കബ് തോമസ്, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കണം. മുസ്ലിം ആയാലും ക്രിസ്ത്യന്‍ ആയാലും ഒക്കെ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് കണ്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടാ?- ജേക്കബ് തോമസ് ചോദിക്കുന്നു.
2016ലെ തെരഞഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബിജെപിക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. 59,000 വോട്ടുകള്‍ നേടിയാണ് സിപിഎം സ്ഥാനാർഥി കെ യു അരുണൻ ഇവിടെ വിജയിച്ചത്.