ഫ്രാങ്കോയ്ക്കെതിരെ നിര്‍ണ്ണായക സാക്ഷിയായ ഫാ.കുര്യക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുത്തറ മരിച്ചനിലയില്‍. ഇന്നു രാവിലെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 60 വയസായിരുന്നു ഫാദറിന്. അകത്തുനിന്ന് കുറ്റിയിട്ടിരുന്ന മുറിയുടെവാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതെന്ന് വൈദികര്‍ പറയുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അവിടെയുള്ള വൈദികര്‍ ആരോപിച്ചു.
ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ ശേഷം ഫ്രാങ്കോയ്ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അതിഭീകരമായ രീതിയില്‍ ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ഫാ.കുര്യക്കോസിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു. തിരിച്ചെത്തിയ ഫ്രാങ്കോയ്ക്ക് വലിയ സ്വീകരണമാണ് വിശ്വാസികളും രൂപതാ അധികൃതരും നല്‍കിയത്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹത്തിനെതിരെ വിശ്വാസികളുടെയും മറ്റ് വൈദികരുടെയും പ്രതിഷേധം നേരിട്ടിരുന്നു.മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനുമാണ് ഇദ്ദേഹം. ഫാ.കുര്യക്കോസിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ട്. മരണം നേരത്തെ സംഭവിച്ചതാണെന്നും സൂചനയുണ്ട്.

ദസ്വയിലെ പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഫാ.ജെയിംസ് മാത്യൂ ഉള്ളാട്ടില്‍ ആണ് ഇവിടെ വികാരി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഫാ.കുര്യാക്കോസ് കാട്ടുത്തറ. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top