ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ

കോട്ടയം:ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റെ മരണം അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സംരക്ഷണം വേണമെന്നാണ് ആവശ്യം.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ അതിശക്തമായ വിമര്‍ശനം നടത്തുകയും ശക്തമായ മൊഴി നല്‍കുകയും ചെയ്തിരുന്ന ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഫാ.കുര്യക്കോസിന് നിരന്തരം ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും ഇദ്ദേഹത്തിന്റെ വീടിനു നേരെ കല്ലേറ് നടന്നിരുന്നു. വാഹനവും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വധഭീഷണി ഉണ്ടായിരുന്നുവെന്നും സഹോദരന്‍ ജോണി പ്രതികരിച്ചു.

എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാ.കുര്യാക്കോസ് വെള്ളിയാഴ്ച പറഞ്ഞിരുന്നതായി ജലന്ധറിലുള്ള അദ്ദേഹത്തിന്റെ ബന്ധു ജോയിച്ചന്‍ പറഞ്ഞു. ജാമ്യം കിട്ടിയ വാര്‍ത്ത അറിഞ്ഞ് അദ്ദേഹം നിരാശനായിരുന്നു. ഇനി എനിക്ക് അധികം കാലമില്ല. എന്നെ ഒതുക്കികളയും. എനിക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ അറിയാമെന്ന് ഫ്രാങ്കോയ്ക്ക് അറിയാം. പണ്ട് സ്വാധീനിക്കാന്‍ വന്നിരുന്നു. അത് നടക്കാത്തതിനാല്‍ എന്നോട് വൈരാഗ്യമുണ്ട്. ഇനി എന്നെ മിക്കവാറും തീര്‍ത്തുകളയും. ദസ്‌വയില്‍ താന്‍ താമസിക്കുന്ന പള്ളിയിലെ വികാരി ഫ്രാങ്കോയുടെ ആളാണ്. അയാള്‍ എന്നെ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് നിങ്ങളെയൊന്നും വിളിക്കാന്‍ പോലും കഴിയുന്നില്ല. ഇന്നലെ അച്ചനെ വിളിക്കാന്‍ പറ്റിയില്ല. കൂടെയുള്ള വൈദികര്‍ ശ്രദ്ധിക്കുന്നകാരണം പുറത്തേക്ക് പോകുമ്പോള്‍ മാത്രമേ വിളിക്കാന്‍ പറ്റുവെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ജോയിച്ചന്‍ പറഞ്ഞുവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധറില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. കാരണം അത് നടത്തുന്നത് ജലന്ധര്‍ പോലീസാണ്. അവര്‍ ഫ്രാങ്കോയുടെ ആളുകളാണ്. ഇനിയൊരു തെളിവുണ്ടാകാതിരിക്കാന്‍ അവര്‍ ഒതുക്കികളഞ്ഞതാണെന്നും ജോയിച്ചന്‍ പറഞ്ഞു. ഫ്രാങ്കോയെ കൊണ്ട് അച്ചന്റെ സംസ്‌കാരം നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അയാള്‍ കൊന്നിട്ട് അയാള്‍ തന്നെ സംസ്‌കാരം നടത്തേണ്ട കാര്യമില്ല. അയാള്‍ അവിടെ വന്ന് ഷോ നടത്തേണ്ട കാര്യമില്ല. മാനസികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ്. ഫാ.കുര്യക്കോസ് അടക്കമുള്ളവരെ ഒരുപള്ളിയിലും മഠത്തിലും കയറ്റരുതെന്ന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഫ്രാങ്കോയുടെ ആളുകള്‍ നിര്‍ദേശം നല്‍കിയിരുന്നു. അച്ചനെ ഇടവകയുടെ ഉള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി ദസ്‌വ സെന്റ് പോള്‍സ് കാത്തലിക് പള്ളിയില്‍ ഫ്രാങ്കോയുടെ ആളുകൂടിയായ ഒരു ജൂനിയര്‍ വൈദികന്റെ കൂടെ വിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച ഒരു കുര്‍ബാന ചൊല്ലാന്‍ മാത്രമായിരുന്നു അവകാശമുണ്ടായിരുന്നതെന്നും ജോയിച്ചന്‍ പറഞ്ഞു.

തനിക്ക് ഫ്രാങ്കോയുടെ ഗുണ്ടകളുടെ ഭീഷണിയുണ്ടെന്ന് പലപ്പോഴും ഫാ.കുര്യക്കോസ് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ പല ആക്രമണം നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയ രാത്രിയില്‍ തന്നെ മൂന്നു വൈദികര്‍ തന്നെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് പല കാര്യങ്ങളിലും ആശങ്കയുണ്ടെന്നും കേസ് എങ്ങനെ പോകുമെന്ന് കണ്ടറിയണമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.

ഒരിക്കല്‍ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിച്ചതിന് താന്‍ പഠിപ്പിച്ച ഒരു സെമിനാരി വിദ്യാര്‍ത്ഥി തന്നെ ചെരുപ്പ്‌കൊണ്ട് അടിക്കാന്‍ വന്നുവെന്ന് അദ്ദേഹം ദുഃഖത്തോടെ പറഞ്ഞിട്ടുണ്ട്. ഫ്രാങ്കോയുടെയും അനുയായികളുടെയും എല്ലാ ഇടപാടുകളും കൃത്യമായി അറിയാവുന്ന ഫാ.കുര്യക്കോസ് അവരുടെ കണ്ണിലെ വലിയ കരട് തന്നെയായിരുന്നു. ഭീഷണികള്‍ ഉണ്ടെന്നും മരണത്തെ ഭയക്കുന്നില്ലെന്നും അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.

ജലന്ധര്‍ രൂപതയെ വളര്‍ത്തിയെടുത്ത ബിഷപ്പ് സിംഫോറിയന്‍ കീപ്രത്തിനൊപ്പം രൂപതയില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന വൈദികനാണ് ഫാ. കുര്യക്കോസ്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം കെട്ടിപ്പടുക്കാന്‍ ബിഷപ്പ് സിംഫോറിയന്‍ ഒപ്പം നിന്നിരുന്ന വൈദികനായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ വൊക്കേഷണല്‍ ട്രെയിനര്‍ ആയിരുന്നു. സെമിനാരിയിലും അധ്യാപകനായിരുന്നു. സിംഫോറിയന്‍ കീപ്രത്തിന്റെ കാലത്ത് ജലന്ധര്‍ രൂപതുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ പോയിരുന്നതും ഇടപാടുകള്‍ നടത്തിയിരുന്നതും ഫാ.കുര്യക്കോസ് ആണ്.

കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ എല്ലാം പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നത് ഫാ.കുര്യക്കോസ് ആയിരുന്നു. പോലീസ് പരാതിക്കും ഇദ്ദേഹം പിന്തുണ നല്‍കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം നേരിട്ട പല കന്യാസ്ത്രീകളും എല്ലാം തുറന്നുപറഞ്ഞിരുന്നത് ഫാ.കുര്യാക്കോസിനോട് ആയിരുന്നു. അതുകൊണ്ട് തന്നെ വൈദികന്‍ പലപ്പോഴും ഫ്രാങ്കോയെ ചോദ്യം ചെയ്തിരുന്നു. ഫ്രാങ്കോ ജലന്ധര്‍ ബിഷപ്പ് ആയി എത്തി അധികം വൈകാതെ തന്നെ ഇവര്‍ തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഫ്രാങ്കോയുടെ രീതികള്‍ ശരിയല്ലെന്നും ഒരു വൈദികന് നിരക്കുന്ന ജീവിതമല്ല എന്നും ചൂണ്ടിക്കാട്ടി വിമര്‍ശനം പതിവാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഫ്രാങ്കോ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്നതും കുര്യാക്കോസിനെ ആയിരുന്നു.

ഇന്നു രാവിലെ അച്ചനെ കാണാതെ വന്നതോടെ ജീവനക്കാരന്‍ എത്തി മുറി തുറന്നുനോക്കുമ്പോഴാണ് ഫാ.കുര്യാക്കോസ് മരിച്ചുകിടക്കുന്നത് കണ്ടത്. ഫ്രാങ്കോ അറസ്റ്റിലായതു മുതല്‍ ഒരു വിഭാഗം വൈദികര്‍ ഫാ.കുര്യാക്കോസിനെ അടക്കം വളഞ്ഞിട്ട് മാനസികമായി ആക്രമിക്കുന്നത് പതിവാക്കിയിരുന്നു. ജാമ്യം കിട്ടിയതോടെ അത് ഭീഷണിയുടെ രൂപത്തിലായിരുന്നു. മരണം ഏതു രൂപത്തിലും ഏതു നിമിഷവും മുന്നിലെത്തും എന്നറിഞ്ഞുതന്നെ ഒരുങ്ങിയാണ് താന്‍ ജീവിക്കുന്നതെന്നും ഒന്നിനോടും ഭയമില്ലെന്നും ഫാ.കാട്ടുത്തറ പല തവണ പറഞ്ഞിട്ടുണ്ട്.

Top