വത്തിക്കാന്‍: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി ഫ്രാൻസിസ് മാര്‍പാപ്പ രംഗത്ത്.
യുക്രെയ്‌നിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ വത്തിക്കാനിലെ റഷ്യന്‍ എംബസി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. അസാധാരണമായ സാഹചര്യത്തില്‍ കീഴ്വഴക്കം ലംഘിച്ചാണ് മാര്‍പാപ്പ എംബസയിലെത്തിയത്.
അരമണിക്കൂര്‍നേരം ഇവിടെ ചെലവഴിച്ച അദ്ദേഹം യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടു. പോപ്പ് ഫ്രാന്‍സിസ് ട്വിറ്ററിലൂടെ സമാധാന സന്ദേശവും നല്‍കിയിട്ടുണ്ട്.
ഒരുമിച്ച് പ്രാര്‍ഥിക്കാം (PrayTogether) യുക്രൈന്‍ (Ukraine) എന്നീ ഹാഷ്ടാഗുകളോടെയാണ് പോപ്പ് ഫ്രാന്‍സിന്റെ സന്ദശം. ‘എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മാര്‍പാപ്പ കുറിച്ചു.
അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ചുള്ള യു എന്‍ രക്ഷാസമിതിയിലെ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. റഷ്യന്‍ സൈന്യത്തെ യുക്രൈനില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ആക്രമണങ്ങളെ ശക്തമായി അപലപിച്ചുമുള്ളതായിരുന്നു പ്രമേയം.
യുഎസും അല്‍ബേനിയയും ചേര്‍ന്ന് സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലെ 11 രാജ്യങ്ങളും പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
എന്നിരുന്നാലും അയല്‍രാജ്യത്തിനെതിരെ സൈനിക നീക്കം നടത്താനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തെ അപലപിക്കാനുള്ള അവസരം യുഎന്‍ രക്ഷാസമിതി അംഗരാജ്യങ്ങള്‍ക്ക് ഒരുക്കി. യു എന്‍ പൊതുസഭയിലും പ്രമേയം കൊണ്ടുവരുമെന്ന് യു എസ് അറിയിച്ചു.