വത്തിക്കാന്‍: ഗള്‍ഫ് മേഖല സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പ്പാപ്പ ആകാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശനം നടത്തുന്നതോടെ ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ക്രിസ്ത്യന്‍ കത്തോലിക്ക തലവനാകും ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരിയില്‍ അബുദാബിയിലേക്കാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനമെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു.
രണ്ടു ദിവസം നീളുന്ന സന്ദര്‍ശനം മുസ്ലീം രാഷ്ട്രം സന്ദര്‍ശിക്കുന്ന പ്രഥമ മാര്‍പാപ്പ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടും.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
പോപ്പിന്റെ സന്ദര്‍ശനം ഈജിപ്തിലേതുപോലെ ഇരു മത വിഭാഗങ്ങളും തമ്മിലുള്ള സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതാകുമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.രണ്ട് സംസ്‌കാരങ്ങളുടെ സംഗമവേദിയാകും പോപ്പിന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനു മുമ്പ് അറബ് സംസാരിക്കുന്ന രാജ്യങ്ങളായ ഈജിപ്തിലും ലെബനനിലും പോപ്പ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ ഒരു രാജ്യത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.