ഫാ. കുര്യാക്കോസ് കാട്ടുതറയെ ഇല്ലാതാക്കിയത് ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന സൂചനകൾ ബലപ്പെടുന്നു. ഭയവും മാനസിക സമ്മർദവും വർധിപ്പിച്ച് എതിരാളി സ്വയം മരണത്തിനു കീഴടങ്ങുന്ന രീതിയാണിത്. പാശ്ചാത്യ രാജ്യങ്ങളിൽ കൊടും തീവ്രവാദികൾക്കെതിരെ പ്രയോഗിക്കുന്ന തന്ത്രമാണ് ഫാ. കുര്യാക്കോസിനെതിരെ പ്രയോഗിച്ചതെന്ന സംശയത്തിലാണ് പഞ്ചാബ് പൊലീസ്.
തെളിവുകൾ ഒന്നും ശേഷിക്കാത്ത ഈ കൊലപാതക രീതി കോടതികളിൽ തെളിയിക്കാൻ സാധിക്കില്ലെന്നതാണ് ഏറെ ശ്രദ്ധേയം. മുൻപും ജലന്ധറിൽ സമാനമായ കൊലപാതകങ്ങൾ നടന്നിട്ടുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ കേസിൽ അന്വേഷണവുമായി മുന്നോട്ട് പോയാലും കോടതിയിൽ കേസ് നിലനിൽക്കില്ല. കൊല്ലപ്പെട്ട ആളുടെ ശരീരത്തിൽ ഒരു പോറൽ പോലുമേൽപ്പിക്കാതെ മാനസിക സമ്മർദം വർധിപ്പിച്ച് സ്വയം മരണത്തിലേക്ക് നയിക്കുന്ന രീതിയാണിത്. അതി തീവ്ര സ്വഭാവമുള്ള കുറ്റവാളികളെ സ്വയം മരണത്തിലേക്ക് നയിക്കു രീതി പാശ്ചാത്യ രാജ്യങ്ങളിൽ പൊലീസും സേനയും സ്വീകരിക്കാറുണ്ട്.
കൊലപ്പെടുത്തിയെന്ന തോന്നലില്ലാതെ കുറ്റവാളി സ്വയം മരണത്തിനു കീഴടങ്ങുന്നതാണ് ഇതിലെ പ്രത്യേകത. ഫാ. കുര്യാക്കോസിന്‍റെ കാര്യത്തിലും ഇത്തരം നീക്കം വ്യക്തമാണെന്നാണ് പഞ്ചാബ് പൊലീസിന്‍റെ കണ്ടെത്തൽ. ഫാ. കുര്യാക്കോസ് ഉൾപ്പെടെ അഞ്ച് പേരാണ് ബിഷപ്പ് ഫ്രാങ്കോയുടെ കന്യാസ്ത്രീ പീഡനക്കേസിൽ സാക്ഷികൾ. കന്യാസ്ത്രീയുടെ പരാതിയുമായി ജലന്ധറിലെത്തിയ കേരളാ പൊലീസിനു വേണ്ട തെളിവുകൾ കൈമാറിയതും ബിഷപ്പ് ഫ്രാങ്കോയുടെ ബിസിനസ് രഹസ്യങ്ങൾ വെളിപ്പെടുത്തിയതും ഫാ. കുര്യാക്കോസ് ആയിരുന്നു.
കൂടുതൽ തെളിവുകൾ കൈമാറാൻ ഒരുങ്ങിയിരിക്കവെയാണ് ഫാ. കുര്യാക്കോസ് മരണത്തിനു കീഴടങ്ങുന്നത്. കേസ് വിചാരണ തുടങ്ങിയാൽ ഫാ. കുര്യാക്കോസിന്‍റെ മൊഴി ബിഷപ്പ് ഫ്രാങ്കോയെ ഇരുമ്പഴിക്കുള്ളിലാക്കുമെന്ന ഉറച്ച വിശ്വാസമാണ് ബിഷപ്പിനെ അലട്ടിയിരുന്നതെന്നാണ് സൂചന. ഫ്രാങ്കോ ബിഷപ്പിന്‍റെ പ്രവൃത്തികള്‍ സംബന്ധിച്ച ഒട്ടനവധി വിവരങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു.
അത്തരം കാര്യങ്ങള്‍ കോടതിയിലും മാധ്യമങ്ങളിലും തുറന്നു പറയാന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ തയ്യാറായിരുന്നു. ലഭ്യമായ സാഹചര്യത്തെളിവുകള്‍ വച്ചു കൊണ്ട് ഇതൊരു സ്വാഭാവിക മരണമല്ലെന്ന് സംശയിക്കാവുന്നതാണ്. ഫ്രാങ്കോക്ക് മുമ്പ് അവിടെ ചുമതലയുണ്ടായിരുന്ന ബിഷപ്പുമായി ഏറെ വിശ്വസ്തതയോടെ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ. അവിടെയുള്ള കന്യാസ്ത്രീ മഠങ്ങളിലും സെമിനാരികളിലും പുതുതായി എത്തുന്നവര്‍ക്ക് ബൈബിള്‍ ആത്മീയ പാഠങ്ങള്‍ കൊടുക്കുന്നതിനും വേദപുസ്തക പാഠങ്ങള്‍ പഞ്ചാബിയിലേക്ക് തര്‍ജമ ചെയ്ത് പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തെ അന്നത്തെ രൂപതാമെത്രാന്‍ ചുമതലപ്പെടുത്തിയിരുന്നു.
അതു കൊണ്ടുതന്നെ പരാതിക്കാരിയായ കന്യാസ്ത്രീയടക്കം നിരവധി കന്യാസ്ത്രീകളും പുരാഹിതരും തങ്ങള്‍ക്കു ഈ ബിഷപ്പില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാങ്കോ ചുമതല ഏറ്റ ഉടനെ തന്നെ ഇദ്ദേഹത്തെ ഇത്തരം ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഒരു ക്രിമിനല്‍ സംഘം ബിഷപ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സ്വന്തം ജീവനു തന്നെ ഭീഷണി ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും അതൊന്നും വക വക്കാതെ സ്വന്തം നീതിബോധത്തിലും വിശ്വാസങ്ങളിലും മുറുകെ പിടിച്ചു കൊണ്ട് ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ തീരുമാനിക്കുകയായിരുന്നു.
തന്‍റെ നിലപാട് പൊതുമാധ്യമങ്ങളില്‍ പറയാന്‍ അദ്ദേഹം തയ്യാറായതും അതു കൊണ്ടാണ്. ഫ്രാങ്കോക്ക് ജാമ്യം കിട്ടിയപ്പോള്‍ സ്വീകരണം സംഘടിപ്പിച്ച വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തിലാണ് ഫാദര്‍ താമസിച്ചിരുന്നത്. ആ സ്ഥാപനത്തിലെ ജോലിക്കാരെല്ലാം ഫ്രാങ്കോ യുടെ വിശ്വസ്തരായിരുന്നു. മരിച്ചു കിടന്ന മുറി ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു എന്ന ഇവരുടെ മൊഴി വിശ്വസനീയമാകില്ല. താന്‍ നിരന്തരം ഭീഷണികള്‍ക്ക് വിധേയനായിരുന്നു എന്ന് അദ്ദേഹം ബന്ധുക്കളോടും മാധ്യമപ്രവര്‍ത്തകരടക്കമുള്ള ചില സ്‌നേഹിതരോടും പറഞ്ഞിരുന്നു. ഫ്രാങ്കോയുടെ അനുയായികളായ ഗുണ്ടകള്‍ രണ്ടു പ്രാവശ്യം തന്നെ വാസസ്ഥലത്തെത്തി ആക്രമിച്ചതായും കാര്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചതായും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് ഫാ. കുര്യാക്കോസിന്‍റെ മരണം ദുരൂഹമാക്കുന്നത്.