ന്യുഡൽഹി :കോടികളുടെ കള്ളപ്പണവുമായി പിടിയിലായ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും മൊഴിയെടുത്ത ശേഷം വിട്ട് അയച്ചുവെന്ന് പഞ്ചാബ് പോലീസ്. ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം സീൽ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.
ഫാ.ആന്റണി മാടശ്ശേരിയില്‍ നിന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് പുസ്തക പ്രസാധകരില്‍ നിന്ന് പിഴിഞ്ഞെടുത്ത കൈക്കൂലിയാണ് എന്നാണ് റിപ്പോർട്ട് . പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി പ്രസാധകര്‍ക്ക് കരാര്‍ നല്‍കുന്നതിന് ഫാ.ആന്റണി വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നത് പതിവായിരുന്നു. രൂപതയുടെ കീഴിലുള്ള നൂറിലേറെ സ്‌കൂളുകളിലായി രണ്ടു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവര്‍ക്കുള്ള പുസ്തകവും യൂണിഫോമും അടക്കം സര്‍വ്വസാധനങ്ങളും ഫാ.ആന്റണി എം.ഡി ആയിട്ടുള്ള സഹോദയ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. ഈ ഇനത്തില്‍ എല്ലാം തന്നെ കോടികണക്കിന് രൂപയാണ് ഓരോ വര്‍ഷവും ഇയാള്‍ ഒരേസമയം കരാറുകാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും രൂപതയില്‍ നിന്നും പിഴിഞ്ഞെടുത്തിരുന്നത്. കരാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന് പുറമേ തങ്ങളുടെ സംഘത്തിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും യാത്രകള്‍ക്ക് വിമാന ടിക്കറ്റ്, പുതിയ കാറുകള്‍ എല്ലാം ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്ത് ഇയാള്‍ പുതിയ ടയോട്ട എത്തിയോസ് കാറും വാങ്ങിയിരുന്നു.
സഹോദയ ഗ്രൂപ്പിന്റെ പേരില്‍ ഏഴ് കമ്പനികളാണ് രൂപതയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളൂടെ എല്ലാം നടത്തിപ്പുകാരന്‍ ഫാ.മാടശ്ശേരിയാണ്. സഹോദയ സെക്യൂരിറ്റീസ്, ട്രാന്‍സ്‌പോര്‍ട്ട് എന്നിവ ഇവയില്‍ ചിലത് മാത്രം. സഹോദയ സെക്യൂരിറ്റീസിന്റെ മറവില്‍ ഫാ.മാടശ്ശേരി തീറ്റിപ്പോറ്റിയിരുന്നത് ഗുണ്ടാസംഘത്തെ തന്നെയായിരുന്നു. പഞ്ചാബിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ലഹരിമരുന്നതിന്റെ പിന്നാലെ പോകുന്നത് ഒഴിവാക്കാന്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടിയാണ് എന്ന പേരിലാണ് ഇയാള്‍ സെക്യൂരിറ്റി കമ്പനി സൃഷ്ടിച്ചത്. ഇതില്‍ ചേര്‍ക്കുന്ന ചെറുപ്പക്കാരെ പ്രത്യേക ഗുണ്ടാസംഘമായാണ് വളര്‍ത്തിയിരുന്നത്. തങ്ങളെ എതിര്‍ക്കുന്നവരെ നേരിടുകയാണ് ലക്ഷ്യം.
എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ്.എസ്.പി ദ്രൂവ് ദഹ്യ ആണ് കള്ളപ്പണം ഇന്നലെ പിടിച്ചെടുത്തത്. ബിഷപ്പ് ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മീഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദികരുടെ പ്രതാപ് പുരയിലുള്ള വൈദിക മന്ദിരത്തില്‍ നിന്നാണ് കണക്കില്‍പെടാത്ത 10 കോടി രൂപ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീ അടക്കം അഞ്ചു പേര്‍ കൂടി അറസ്റ്റിലായി. മുംബൈ, തരണ്‍ സ്വദേശികളും പിടിയിലായവരില്‍ പെടും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ടർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറു പേരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്.
മൂന്നു കാറുകളിലായി എത്തിയ ഇവരിൽ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തു എന്ന് പഞ്ചാബ് പോലീസാണ് അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്‍റെ നീക്കം തടയാനുള്ള എൻഫോർസ്മെന്‍റ് ഡയറക്ടറേറ്റ് നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി.
ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും വിട്ടയച്ചു . മൊഴിയെടുത്ത ശേഷമാണ് വിട്ടയച്ചത് . ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം എന്‍ഫോഴ്സ്മെന്‍റിന് കൈമാറും . കസ്റ്റഡിയിലെടുത്തിരിക്കുന്നവരിൽ ഒരു സ്ത്രീയും മുംബൈ സ്വദേശിയും ഉൾപ്പെടുന്നുണ്ട്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരള പോലീസ് സംഘം ജലന്ധറില്‍ എത്തിയപ്പോള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത് ഈ സംഘമായിരുന്നു. ഫാ.ആന്റണി മാടശ്ശേരി നേരിട്ടെത്തിയാണ് ആക്രമണത്തിന് സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയത്.
ഒരു വര്‍ഷത്തെ പുസ്തക കരാറിന്റെ പേരില്‍ 10 കോടി കൈക്കൂലി വാങ്ങിയെങ്കില്‍ ഇക്കാലത്തിനുള്ളില്‍ ഫാ.മാടശ്ശേരി എത്ര കോടികള്‍ സമ്പാദിച്ചിട്ടുണ്ടായിരിക്കുമെന്നാണ് ജലന്ധറില്‍ നിന്നുള്ള വൈദികര്‍ ചോദിക്കുന്നത്. പത്തു കോടിയല്ല കുറഞ്ഞത് 25 കോടി രൂപയെങ്കിലും കാണുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അവര്‍ പറയുന്നു. എന്തായാലും ഒരു രൂപതാധ്യക്ഷനും അയാളുടെ വൈദികരും ചേര്‍ന്ന് ഈ രൂപതയെ ആകെ നാണംകെടുത്തി. പഞ്ചാബിലെ ജനങ്ങളുടെ മുന്നില്‍ ക്രൈസ്തവരെയും വൈദികരെയും അപമാനിച്ചു. ഈ കൊള്ളസംഘത്തിലുള്ളവരെ എത്രയും വേഗം രൂപതയില്‍ നിന്ന് സസ്‌പെന്റു ചെയ്യുകയാണ് വേണ്ടത്. ഇതിനായി അഡ്മിനിസ്‌ട്രേറ്ററെ സമീപിക്കും. ഇനിയും അപമാനിക്കല്‍ തുടര്‍ന്ന് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുകയാണെന്നും വൈദികര്‍ പറഞ്ഞു.