കൊച്ചി:ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ വീണ്ടും സമരത്തിന്. ഈ മാസം 6ന് കൊച്ചിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും.
മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. 2017 ജൂണ്‍ 27നാണ് കുറുവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയത്. ഏറെ വിവാദമായ കേസില്‍ ബിഷപ്പിന്റെ അറസ്റ്റ വൈകുന്നുവെന്ന് ആരോപിച്ചും കന്യാസ്ത്രീകള്‍ ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ സമരം ചെയ്തിരുന്നു.
കന്യാസ്ത്രീകളുടെ സമരം തുടരുന്നതിനിടെയാണ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ബിഷപ്പ് ജാമ്യം നേടി പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതാണ് കന്യാസ്ത്രീകള്‍ രണ്ടാം ഘട്ട സമരത്തിന് ഇറങ്ങുന്നതിന്റെ കാരണം.കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കും. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ നേരത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.